ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതായി ഭാര്യ റൈഹാനത്ത്.
ഔദ്യോഗികമായി കുടുംബത്തേയോ അഭിഭാഷകനെയോ അറിയിക്കാതെയായിരുന്നു യുപി പൊലീസിന്റെ നടപടി. വ്യാഴാഴ്ച രാത്രി എയിംസില്‍ നിന്ന് കൊണ്ടുപോയതായി കാപ്പന്‍ ഫോണിലൂടെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും കാപ്പന്‍ കോവിഡ് മുക്തനായിരുന്നില്ല എന്നും തിരക്കിട്ട് യുപിയിലേക്ക് കൊണ്ട്‌പോയതിന് പിന്നിലെ കാരണം അറിയില്ലെന്നും റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മൂത്ത മകനുമൊത്ത് മെയ് ഒന്നിന് കാപ്പനെ കാണാന്‍ റൈഹാനത്ത് ഡല്‍ഹിയില്‍ എത്തിയിരുന്നുവെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല.
അനധികൃതമായും അധാര്‍മികമായുമാണ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നതെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യൂ പറഞ്ഞു.കാപ്പനെ എയിംസിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയെ ബഹുമാനിക്കാത്ത തരത്തിലുള്ള നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജയിലിലോ ആശുപത്രിയിലോ വെച്ച് കുടുംബവുമായി കൂടിക്കാഴ്ച നാടത്താന്‍ കാപ്പനെ അനുവദിക്കാനാകില്ലെന്ന് മഥുര ജയില്‍ സൂപ്രണ്ട് ശേലേന്ദ്ര കുമാര്‍ മൈത്രേയ പറഞ്ഞു.
‘കാപ്പന് ഇന്ത്യയിലെ മികച്ച അശുപത്രിയിലാണ് ചികിത്സ ലഭിച്ചത്. കുറ്റാരോപിതന്റെ കുടുംബത്തിന് വിവരങ്ങള്‍ കൈമാറുക എന്നത് എന്റെ ജോലിയല്ല. കോടതിയോട് മാത്രമേ എനിക്ക് ഉത്തരം പറയേണ്ടതുള്ളു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.