തിരുവനന്തപുരം : കൂടുതല്‍ ഓക്‌സിജനും വാക്‌സീനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് കത്ത്.
സംസ്ഥാനത്തിന് 1000ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യമുണ്ട്.നിലവില്‍ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്‌സിജനില്‍ നിന്നും ഭാവിയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്നും ഇവ ലഭ്യമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടുതല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍, അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പി.എസ്.എ പ്‌ളാന്റുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എന്നിവയും സംസ്ഥാനത്തിന് അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.
രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുതലുള്ള സംസ്ഥാനമെന്ന നിലയില്‍ നിരവധി പേര്‍ക്ക് വാക്‌സിനേഷന്‍ നടത്താനുണ്ടെന്നും ആളുകള്‍ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സീന്റെ 50ലക്ഷം ഡോസും കോവാക്‌സീന്റെ 25 ലക്ഷം ഡോസും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.