കടുത്ത നിയന്ത്രണത്തിലും തിരക്കിനൊരു കുറവുമില്ല : എറണാകുളത്ത് പിടിമുറിക്കി പൊലീസ്

കൊച്ചി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും നഗരത്തില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്.
ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും നിരത്തില്‍ വാഹനങ്ങളുടെയും യാത്രക്കാരുടെയും തിരക്കാണ്.ഇതോടെ വാഹനങ്ങളിലെത്തുന്നവരെ കര്‍ശനമായി പരിശോധിച്ച് മാത്രമാണ് കടത്തി വിടുന്നത്.
അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും പൊലീസ് കേരള എപിഡെമിക് ഡിസീസ്പ്രകാരം കേസെടുക്കുന്നുണ്ട്. ഇന്ന് രാവിലെ മാത്രം എഴുപതില്‍പരം ആളുകള്‍ക്കെതിരെ കേസെടുത്തു.
വൈറ്റില,കടവന്ത്ര,പാലാരിവട്ടം തുടങ്ങി പ്രധാനപ്പെട്ട ജംക്ഷനുകളില്‍ പൊലീസ് അത്യാവശ്യക്കാരെ മാത്രം കടത്തിവിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ തിരക്ക് ഉണ്ടാകുന്നത് പൊലീസിനെയും ബുദ്ധിമുട്ടിലാക്കുകയാണ്. വരും ദിവസങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്‌റെ അറിയിച്ചു.

സംസ്ഥാനത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്.ഇന്നലെ മാത്രം ഇവിടെ 5030 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.54590 പേരാണ് ചികിത്സയില്‍.
മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി ഇന്നലെ 1042 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കോടതിയില്‍ പിഴയടയ്ക്കാന്‍ 455 പേര്‍ക്ക് നോട്ടീസ് നല്‍കി.അനാവശ്യ യാത്ര ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് മരുന്നുകളും മറ്റ് ആവശ്യ സാധനങ്ങളും ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നുണ്ട്.

 

Exit mobile version