കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സി രഘുനാഥ് രംഗത്ത്. ഇനിയും മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് കോണ്‍ഗ്രസിന് നാണക്കേടാണെന്ന് സി രഘുനാഥ് കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പള്ളി സ്വമേദയാ രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പാര്‍ട്ടി ഇടപെട്ട് പുറത്താക്കണമെന്നും രഘുനാഥ് പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്നാണ് സി രഘുനാഥ് നിര്‍ദ്ദേശിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ പലയിടത്തും പൊട്ടിത്തെറിയുണ്ടാകുകയാണ്. കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. കെ സുധാകനോ കെ മുരളീധരനോ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്നാണ് കോണ്‍ഗ്രസിന് അകത്തുനിന്നുതന്നെ ശക്തമായ ആവശ്യമുയരുന്നത്.
അതേസമയം കനത്ത തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെ യുഡിഎഫില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ആരെത്തുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശക്തമായ നേതാവിനെ പ്രതിപക്ഷ നേതാവാക്കി ഇനിയുള്ള അഞ്ച് വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്.