വർഷം മുമ്പ് തുറന്ന ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞു; പിണറായി അത് പൂട്ടിച്ചു!

kummanam

തിരുവനന്തപുരം: കേരളത്തിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് വൃത്തിയായി പൂട്ടിക്കുമെന്ന് പറഞ്ഞത് അക്ഷരാർത്ഥത്തിൽ പാലിച്ച് പിണറായി വിജയനും എൽഡിഎഫും. നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പിന് മുമ്പത്തെ വാർത്താസമ്മേളനത്തിലാണ് ആവർത്തിച്ചത്. ആ പറഞ്ഞത് പാലിച്ചുകൊണ്ടാണ് എൽഡിഎഫ് താരമായിരിക്കുന്നത്.

2016ൽ എൽഡിഎഫിന്റെ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തി ഒ രാജഗോപാലിലൂടെ ബിജെപി തുറന്ന അക്കൗണ്ട് കുമ്മനം രാജശേഖരനിലൂടെ നിലനിർത്താമെന്ന് ബിജെപി ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ ശിവൻകുട്ടിയെ തന്നെ ഇറക്കി മണ്ഡലം തിരിച്ചെടുത്തിരിക്കുകയാണ് പിണറായി വിജയൻ.

കോൺഗ്രസ് നേതാവ് കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയതും മണ്ഡലത്തിൽ മത്സരത്തിന് വാശികൂട്ടുകയും ചെയ്തു. 2016ലെ നിയമസഭയ്ക്കുശേഷം നടന്ന ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ തന്നെ ഒന്നാം സ്ഥആനത്ത് നിർത്തുന്നതായിരുന്നു നേമം മണ്ഡലത്തിന്റെ പതിവ്. അതുകൊണ്ടുതന്നെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി ഈ മത്സരഫലമെന്നും പറയാം.

ശിവൻകുട്ടി മണ്ഡലം തിരിച്ചെടുത്തത് 5750 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. കഴിഞ്ഞ തവണ രാജഗോപാൽ ജയിച്ചത് 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. കോൺഗ്രസിന് കാര്യമായ സംഘടനാ സംവിധാനമില്ലെന്ന് പലതവണ തെളിഞ്ഞിട്ടുള്ള മണ്ഡലമാണ് നേമം. ബിജെപിക്കു കിട്ടേണ്ട സമുദായ വോട്ടുകളിൽ നല്ലൊരു ശതമാനം മുരളീധരന് പോയിട്ടുണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതേസമയം ന്യൂനപക്ഷ വോട്ടുകളും മറ്റും ശിവൻകുട്ടിക്ക് അനുകൂലമാവുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന് അനുകൂലമായ തരംഗവും കൂടിയായപ്പോൾ ശിവൻകുട്ടി വിജയം പിടിച്ചെടുക്കുകയായിരുന്നു.

2016ലെ യുഡിഎഫ് വോട്ട് 13,860ൽനിന്നു മുപ്പത്താറായിരത്തിലേറെയാക്കി എന്നതാണ് യുഡിഎഫിന് ഏക ആശ്വാസം. ശക്തമായ വോട്ടുബാങ്കുണ്ടായിട്ടും നേമത്തെ തോൽവി ബിജെപിയുടെ തന്നെ വലിയപരാജയമായി പാർട്ടി നേതൃത്വത്തിന് പ്രത്യേകമായി പഠിക്കേണ്ടിവരും.

Exit mobile version