അഴീക്കോട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നത്. കേരളം ചുവന്നതോടെ യുഡിഎഫിന് കനത്തപ്രഹരമാണ് ഈ തെരഞ്ഞടുപ്പ് സമ്മാനിച്ചത്. തോല്‍വി അടുത്തതിന് പിന്നാലെ കൗണ്ടിംഗ് സെന്ററില്‍ നിന്നും മുങ്ങിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.
അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയും കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയുമാണ് കൗണ്ടിംഗ് സെന്റര്‍ വിട്ടത്. നിലവില്‍ അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് 5474 വോട്ടിനും കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ 3051 വോട്ടിനുമാണ് ലീഡ് ചെയ്യുന്നത്.
കണ്ണൂര്‍ ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളില്‍ ഒന്‍പത് മണ്ഡലങ്ങളിലും നിലവില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. ഇരിക്കൂറില്‍ സജീവ് ജോസഫും പേരാവൂരില്‍ സണ്ണി ജോസഫുമാണ് മുന്നേറുന്നത്.
ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. കാസര്‍കോട്, വയനാട്, മലപ്പുറം. എറണാകുളം, കോട്ടയം ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാനായത്. കോട്ടയത്ത് യുഡിഎഫ് അഞ്ച് എല്‍ഡിഎഫ് നാല്, എറണാകുളം യുഡിഎഫ് എട്ട് എല്‍ഡിഎഫ് ആറ്, മലപ്പുറം യുഡിഎഫ് 12 എല്‍ഡിഎഫ് നാല്, വയനാട് യുഡിഎഫ് രണ്ട് എല്‍ഡിഎഫ് ഒന്ന്. കാസര്‍കോട് യുഡിഎഫ് മൂന്ന് എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് ലീഡ് നില.
ഇതില്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ കുറഞ്ഞ സീറ്റുകള്‍ക്കാണ് യുഡിഎഫ് മുന്നിലെത്തിയത്. മലപ്പുറത്ത് ലീഗ് കോട്ടകള്‍ ഭദ്രമായതിനാല്‍ യുഡിഎഫിന് ശക്തമായി നിലനില്‍ക്കാനായി. അതേസമയം, തൃശ്ശൂരും കോഴിക്കോടും യുഡിഎഫിന് ഒറ്റ സീറ്റില്‍ പോലും പച്ചതൊടാനായില്ല.