കേരളം ചുവന്നു, പച്ചപിടിക്കാനാവാതെ യുഡിഎഫ്, നേട്ടമുണ്ടായത് അഞ്ച് ജില്ലകളില്‍ മാത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വന്‍ മുന്നേറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നത്. കേരളം ചുവന്ന് ഇടത്തോട്ട് ചാഞ്ഞപ്പോള്‍ അഞ്ച് ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം നടത്താനായത്.

ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. കാസര്‍കോട്, വയനാട്, മലപ്പുറം. എറണാകുളം, കോട്ടയം ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാനായത്. കോട്ടയത്ത് യുഡിഎഫ് അഞ്ച് എല്‍ഡിഎഫ് നാല്, എറണാകുളം യുഡിഎഫ് എട്ട് എല്‍ഡിഎഫ് ആറ്, മലപ്പുറം യുഡിഎഫ് 12 എല്‍ഡിഎഫ് നാല്, വയനാട് യുഡിഎഫ് രണ്ട് എല്‍ഡിഎഫ് ഒന്ന്. കാസര്‍കോട് യുഡിഎഫ് മൂന്ന് എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് ലീഡ് നില.

ഇതില്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ കുറഞ്ഞ സീറ്റുകള്‍ക്കാണ് യുഡിഎഫ് മുന്നിലെത്തിയത്. മലപ്പുറത്ത് ലീഗ് കോട്ടകള്‍ ഭദ്രമായതിനാല്‍ യുഡിഎഫിന് ശക്തമായി നിലനില്‍ക്കാനായി. അതേസമയം, തൃശ്ശൂരും കോഴിക്കോടും യുഡിഎഫിന് ഒറ്റ സീറ്റില്‍ പോലും പച്ചതൊടാനായില്ല.

അസമിലും ബംഗാളിലും കനത്ത പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. അസമില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള ആദ്യ സൂചനകള്‍ കോണ്‍ഗ്രസിന്റെ പരാജയം വ്യക്തമാക്കുന്നതാണ്. അസമില്‍ ബി.ജെ.പി 82 സീറ്റില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, 43 സീറ്റിലായി ഒതുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നാല് സീറ്റില്‍ മാത്രമാണ് മുന്നില്‍. ബംഗാളില്‍ ചിത്രത്തില്‍ വരാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ബംഗാളില്‍ 186 സീറ്റില്‍ തൃണമൂലും 103 സീറ്റില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ ഇടതുമാണ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്.

Exit mobile version