എഴുകോണ്‍: മകളെയും മരുമകനെയും ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി അമ്മ. എഴുകോണില്‍ ബൈക്ക് യാത്രക്കാരായ യുവതിയെയും ഭര്‍ത്താവിനെയും അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിന്റെ ചുരുളഴിയുമ്പോഴാണ് അമ്മയുടെ പങ്ക് പുറത്തുവരുന്നത്.
സംഭവത്തില്‍ എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള നെജി (48) അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെ വര്‍ക്കലയില്‍ നിന്നാണ് എഴുകോണ്‍ പൊലീസ് നെജിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24ന് 7.45ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നെജിയുടെ മൂത്ത മകള്‍ കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിന (20)യും ഭര്‍ത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരവേ ഇവരെ സ്കൂട്ടറിലെത്തിയ 3 അംഗം സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു.
ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷബിന്‍ഷ (ചിപ്പി 29), വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ഈ മാസം 6ന് പൊലീസ് പിടികൂടിയപ്പോഴാണ് നെജിയുടെ പങ്ക് വെളിപ്പെട്ടത്. പ്രതികള്‍ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു.
മരുമകന് പറഞ്ഞാല്‍ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നു എന്നും നെജി പൊലീസിനോട് പറഞ്ഞു. ഇതിന് മനംനൊന്താണ് ക്വട്ടേഷന്‍ നല്‍കിയത്. 10,000 രൂപയ്ക്കാണ് ഷെബിന്‍ഷായ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Discussion about this post