കണ്ണൂര്‍: ചലച്ചിത്ര നടനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. കണ്ണൂരില്‍ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യത്തിലും കോവിഡ് മുക്തനായത് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്നിരുന്നു.
മൂന്ന് ആഴ്ച മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
76-ാം വയസ്സിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ മുത്തച്ഛനായി അദ്ദേഹം മാറുകയായിരുന്നു.’ദേശാടനം’ എന്ന സിനിമയിലൂടെയാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി മലയാളത്തിന്റെ പ്രിയതാരമായത്. കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത മഴവില്ലിനറ്റം വരെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ച അവസാന സിനിമ.
Discussion about this post