തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; കരാര്‍ ഒപ്പിട്ടത് അമ്പത് വര്‍ഷത്തേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. 50 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

ഇതോടൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ സംസ്ഥാനസര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേല നടപടികളില്‍ പാളിച്ചകള്‍ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

Exit mobile version