തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനാകും. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ പദവിയും അദ്ദേഹത്തിന് നല്‍കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെയാണ് ഏല്‍പിച്ചിരിക്കുന്നത്. പത്തംഗസമിതിയില്‍ കെ മുരളീധരനും. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍, താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍ എന്നിവരും ഉണ്ട്.
കെസി വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഞ്ചിലധികം പേര്‍ അടങ്ങിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുക. നേരത്തെ ഈ പദവി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. എന്നാല്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദം ചെലുത്തിയതോടെ പദവി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാകേണ്ടത് അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. രമേശിന് നല്ല പദവി ലഭിക്കുന്നതിനെ കുറിച്ച് നേരത്തെ അഭിപ്രായം വ്യക്തമാക്കിയതാണ്. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല.