കോഴിക്കോട്: ‘ഒരു ടിടി അടിക്കുന്ന പോലെ മാത്രമേ തോന്നുന്നുളളൂവെന്നും ഒരു തരത്തിലുള്ള അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല’, കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ആദ്യം കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ഡോ.വിപിന്‍ വര്‍ക്കി പറയുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം രാവിലെ 10.45 ഓടെ തന്നെ വാക്സിന്‍ വിതരണം ആരംഭിച്ചിരുന്നു. വാക്സിനെടുത്ത ശേഷം അരമണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞ് താന്‍ പുറത്തിറങ്ങി, പ്രശ്നങ്ങളൊന്നുമില്ല. ആശങ്കപ്പെടാതെ എല്ലാവരും വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്നും ഡോ.വിപിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ 33,799 പേരാണ് ജില്ലയില്‍ വാക്സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വാക്സിനേറ്റര്‍, നാല് വാക്സിനേഷന്‍ ഓഫീസര്‍മാര്‍ എന്നിവരാണ് ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലുമുള്ളത്. വാക്സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുളള ആംബുലന്‍സ് അടക്കമുളള സംവിധാനവും തയ്യാറാക്കി വെച്ചിരുന്നു.
ഒരു കേന്ദ്രത്തില്‍ 100 പേര്‍ വീതം 11 കേന്ദ്രങ്ങളിലായി 1100 പേര്‍ക്കാണ് ഒരു ദിവസം വാക്സിന്‍ നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കോവിഡ് പോസിറ്റീവ് ആയവര്‍ക്കും വാക്സിന്‍ നല്‍കുന്നില്ല.
വാക്സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിക്കുന്നുണ്ട്. ഒരാള്‍ വീതം മാത്രമേ വാക്സിനേഷന്‍ റൂമില്‍ കടക്കുന്നുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ഫറോക്ക് ഇ.എസ്.ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി, താലൂക്ക് ആശുപത്രികള്‍, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം, നരിക്കുനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്.
Discussion about this post