മലപ്പുറം: നാലുമാസമായി നാടിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി പോലീസ്. മലപ്പുറം താനൂരില്‍ മാസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവിനെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം ഒഴുര്‍ സ്വദേശിയായ ഷാജഹാനാണ് പിടിയിലായത്. തമിഴ്‌നാട് ഏര്‍വാടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പ്രതിയെ വേഷം മാറിയെത്തിയാണ് പൊലീസ് വലയിലാക്കിയത്. ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഷാജഹാന്‍. മുഖം മറച്ച്, ട്രൗസര്‍ മാത്രം ധരിച്ച് ആയുധങ്ങളുമായിട്ടാണ് ഷാജഹാന്‍ മോഷണത്തിനിറങ്ങിയിരുന്നത്. സിസിടിവിയില്‍ പതിഞ്ഞ അവ്യക്ത ദൃശ്യങ്ങളായാണ് പോലീസിന് ലഭിച്ചിരുന്നത്.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ താനൂര്‍ മേഖലയില്‍ പ്രതിയുടെ സാന്നിധ്യമുണ്ട്. മോഷണവും മോഷണശ്രമവുമടക്കം നൂറ് പരാതികളാണ് പ്രതിക്കെതിരെ താനൂര്‍ പൊലീസിന് ലഭിച്ചത്. വൈകുന്നേരം മുതല്‍ പുലരുംവരെ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ചില വീടുകളില്‍ മോഷണം നടത്താതെ, ഭയപ്പെടുത്തി മടങ്ങുകയും ചെയ്യും.
ഡിസംബര്‍ 15 നാണ് മോഷ്ടാവ് ഷാജഹാന്‍ ആണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായത്. നാട്ടുകാരില്‍ ചിലരെയും കൂട്ടി പോലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കിയതോടെ പിടിക്കപ്പെടുമെന്നായ പ്രതി മോഷ്ടിച്ച പണവും സാധനങ്ങളുമായി ഒരു മാസം മുമ്പ് തമിഴ്‌നാട്ടിലേക്ക് കടന്നു.
താനൂരില്‍ നിന്നും മോഷ്ടിച്ച ഫോണ്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട ആന്ധ്ര സ്വദേശിയായ സുഹൃത്തിന് പ്രതി വിറ്റിരുന്നു. ഈ ഫോണ്‍ ഏര്‍വാടിയില്‍ ഉപയോഗിച്ചതായി സൈബര്‍ സെല്‍ കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി.
ഇരുപത്തിയേഴ് വര്‍ഷം ജയിലില്‍ തന്നെയായിരുന്നു 55 കാരനായ ഷാജഹാന്‍. പട്ടാമ്പിയിലെ മോഷണക്കേസില്‍ ജയിലിലായിരുന്ന പ്രതി ഒന്നര വര്‍ഷം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്.
Discussion about this post