പാലക്കാട്: ‘കൊറോണയെ തുരത്താം
എന്നും ഇരുട്ട് മാത്രമാവണമെന്നില്ല,
നേരം പുലരുകയും
സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.
നമ്മള്‍ കൊറോണക്കെതിരെ പോരാടി
വിജയിക്കുകയും അതേ
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും
പഴയ ലോകം പോലെ പുഞ്ചരിക്കുകയും ചെയ്യും.
നമുക്ക് ഒത്തു ചേരാം കൊറോണയെ തുരത്താം’
പാലക്കാട് കുഴല്‍മന്ദം സ്വദേശി കെ സ്‌നേഹയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി ടിഎം തോമസ് ഐസക് 2021-22ലെ ബജറ്റ് അവതരണം ആരംഭിച്ചത്. കുഴല്‍മന്ദം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ. ബജറ്റ് അവതരണത്തില്‍ തന്റെ കവിത ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് സ്‌നേഹ പ്രതികരിച്ചു.
കോവിഡ് അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലായാലും കേരളം പങ്കുവയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ വരികളിലുണ്ടെന്ന് കവിത ചൊല്ലിക്കൊണ്ട് ധനമന്ത്രി പറഞ്ഞു.
ധനകാര്യമന്ത്രിയുടെ സെക്രട്ടറിയാണ് ബജറ്റില്‍ കവിത ഉള്‍പ്പെടുത്തിയ കാര്യം വിളിച്ച് അറിയിച്ചത്. അഭിനന്ദനങ്ങള്‍ അറിയിക്കുകയും ഫോട്ടോ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്‌നേഹ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ടുള്ള അക്ഷരവര്‍ഷം പദ്ധതിയ്ക്കായാണ് കവിത എഴുതിയത്. ഏതെങ്കിലും മാഗസിനില്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതിയത്. ബജറ്റ് അവതരണത്തിനിടെ മന്ത്രി കവിത ചൊല്ലുമെന്ന് കരുതിയില്ലെന്നും സ്‌നേഹ പറഞ്ഞു.
അതേസമയം, ധനകാര്യമന്ത്രിയോട് ഒരു കാര്യം കൂടി സ്‌നേഹ ആവശ്യപ്പെട്ടു. മോശം അവസ്ഥയിലുള്ള വാടക കെട്ടിടത്തിലാണ് തങ്ങളുടെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിനായി പുതിയൊരു കെട്ടിടം വേണം.
നിരവധി കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മഴക്കാലമെത്തുമ്പോള്‍ കെട്ടിടം ചോര്‍ന്ന് ഒലിക്കുന്ന അവസ്ഥയിലാണ്. തന്റെ അപേക്ഷ മന്ത്രി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഈ മിടുക്കി.