തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 8 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന്, അച്യുതാനന്ദനെന്ന വലിയ മനുഷ്യനെ ഇല്ലായ്മ ചെയ്തയാളാണ് പിണറായി വിജയനെന്ന് ചെന്നിത്തല ആരോപിച്ചു.
”പിടി തോമസിന്റെ ഗ്രൂപ്പിനെപ്പറ്റി പറഞ്ഞല്ലോ. 18 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന്, അച്യുതാനന്ദനെന്ന വലിയ മനുഷ്യനെ ഇല്ലായ്മ ചെയ്തയാളാണ് പിണറായി വിജയന്‍. അങ്ങനെയുള്ളയാള്‍ ഞങ്ങളെ നോക്കി ഗ്രൂപ്പിനെപ്പറ്റി പറയണ്ട. ഗ്രൂപ്പു കളിയുടെ ആശാനാണ് പിണറായി”, എന്ന് ചെന്നിത്തല പറഞ്ഞു.
പിടി തോമസിനെ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് പോര് കാരണം ചെന്നിത്തലയ്ക്ക് കഴിയില്ലല്ലോ എന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിനെതിരെയായിരുന്നു ചെന്നിത്തലയുടെ രൂക്ഷ പ്രതികരണം.
മുഖ്യമന്ത്രിയുടെ തള്ള് അല്‍പം കൂടിപ്പോയി, താനൊരു വലിയ സംഭവമാണെന്ന് സ്വയം വിളിച്ചു പറയേണ്ടിയിരുന്നില്ല. പുറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു. ഇത് വലിയ തള്ളായി. കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പരിഹസിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസിനെ ചൊല്ലി ആരോപണ ശരങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തിന് മാസ് മറുപടി നല്‍കിയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ മുഖ്യമന്ത്രിയും പിടി തോമസും തമ്മിലുണ്ടായ വാക്പോരിനിടെയാണ് മുഖ്യമന്ത്രിയുടെ മാസ് മറുപടി. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ടാണ് പിടി തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്, പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു പിണറായിയുടെ മറുപടി. താനൊരു പ്രത്യേക ജനുസാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ശപിച്ചാല്‍ താന്‍ അധോലോക നായകനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.