കൊല്ലം: ‘തീ തുപ്പി’ പാഞ്ഞിരുന്ന ആഡംബര ബൈക്കിന് പൂട്ടിട്ട് പോലീസ്. രൂപമാറ്റം വരുത്തി സൈലന്‍സര്‍ ഘടിപ്പിച്ച ആഡംബര ബൈക്ക് ട്രാഫിക് പൊലീസ് പിടിച്ചെടുത്തു.
പരവൂര്‍ സ്വദേശികളാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് മൂന്നരലക്ഷം രൂപയ്ക്ക് വാങ്ങിയ ബൈക്കിന്റെ രജിസ്ട്രേഷന്‍ യുവാക്കള്‍ മാറ്റിയിരുന്നില്ല. ചിന്നക്കടയില്‍ അമിത ശബ്ദം പുറപ്പെടുവിച്ചു പാഞ്ഞിരുന്ന ബൈക്ക് ട്രാഫിക് ഗ്രേഡ് എസ്‌ഐ വിഎസ് മനോജാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്.
തുടര്‍ന്നു ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ ബൈക്ക് എത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതാണെന്നും വാഹനം വേഗത്തില്‍ പോകുമ്പോള്‍ തീ പുറത്തേക്കു വരാനുള്ള സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെന്നും ബോധ്യമായത്.
സൈലന്‍സര്‍ അഴിച്ചു മാറ്റി യഥാര്‍ഥ സൈലന്‍സര്‍ ഘടിപ്പിച്ച ശേഷം വാഹനം സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. വാഹനത്തിന്റെ മുന്നില്‍ നമ്പര്‍ പ്ലേറ്റില്ലാത്തതിനും സൈലന്‍സര്‍ മാറ്റിയതിനും പിഴ ചുമത്തി. മഡ്ഗാര്‍ഡില്‍ രേഖപ്പെടുത്തിയ നമ്പര്‍ മാറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാനും നിര്‍ദേശിച്ചു.