വൈക്കം: ഫോട്ടോഷൂട്ടിലൂടെ വൈറലായ 98 കാരി പാപ്പിയമ്മയുടെ അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങണമെന്ന മോഹം വ്യവസായി ബോബി ചെമ്മണ്ണൂര്‍ സാക്ഷാത്കരിക്കും. ദിവസങ്ങള്‍ക്ക് മുമ്പാണ് ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ പാപ്പിയമ്മ കേരളത്തിന്റെ മനസ് കവര്‍ന്നത്.
സോഷ്യല്‍ലോകത്ത് നിറഞ്ഞുനിന്ന മുത്തശ്ശി അന്തിയുറങ്ങിയത് ഷീറ്റുകള്‍ കൊണ്ട് മറച്ച ഷെഡിലാണ. സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു വീട് വേണം അതായിരുന്നു പാപ്പിയമ്മയുടെ ഏക മോഹം. പാപ്പിയമ്മയുടെ വീട്ടിലെത്തിയ വ്യവസായി ബോബി ചെമ്മണ്ണൂര്‍ പുതിയ വീട് വച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്.
വീട്ടിലെത്തിയ ബോബിയോട് ഈ ഷെഡിന്റെ വാതില്‍ ഒന്നുമാറ്റി തരാമോ എന്നാണ് പാപ്പിയമ്മ ആദ്യം ചോദിച്ചത്. ഈ ഷെഡിന് പകരം പുതിയ വീട് തന്നെ ഇവിടെ നിര്‍മിച്ചുനല്‍കുമെന്ന് മുത്തശ്ശിക്ക് ഉറപ്പുകൊടുത്തെന്നും ബോബി പറഞ്ഞു.
നാടോടിപ്പെണ്‍കുട്ടി ആസ്മാനെ മോഡലാക്കിയുള്ള ഫോട്ടോഷൂട്ടിനു ശേഷമാണ് മഹാദേവന്‍ തമ്പി 98 കാരി പാപ്പി അമ്മയെ മോഡലാക്കിയത്. പാപ്പി അമ്മയുടെ ഒരു ദിവസമാണ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചത്. കൂലി പണിയെടുത്താണ് പാപ്പി അമ്മ വരുമാനം കണ്ടെത്തുന്നത്.
ഒരു ലൊക്കേഷന്‍ തേടിയുള്ള യാത്രയില്‍ അപ്രതീക്ഷിതമായാണ് മഹാദേവന്‍ തമ്പി പാപ്പി അമ്മയെ കാണുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതും. വൈക്കത്തു വച്ചാണ് പാപ്പി അമ്മയെ കാണുന്നത്. നിഷ്‌കളങ്കതയും ഓമനത്തവും നിറയുന്ന മുഖമാണ് പാപ്പി അമ്മയുടേത്.
അരിവാളും പിടിച്ച് നടന്നു വരുന്ന പാപ്പി അമ്മയെ കണ്ടപ്പോള്‍ ഫോട്ടോഷൂട്ട് ചെയ്താല്‍ നന്നായിരിക്കുമെന്നു തോന്നി സമീപിക്കുകയായിരുന്നു. ഫോട്ടോഷൂട്ട് ചെയ്യട്ടേ എന്നു ചേദിച്ചപ്പോള്‍ പാപ്പി അമ്മ സമ്മതിച്ചു. പിറ്റേ ദിവസം ഷൂട്ടിന് വേണ്ട സാധനങ്ങളും ആള്‍ക്കാരുമായി വൈക്കത്തെത്തി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്ന് മഹാദേവന്‍ തമ്പി പറയുന്നു.
Discussion about this post