കൊച്ചി: ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് ഇന്ന് 81ാം ജന്മദിനം. നാല് പതിറ്റാണ്ടായുള്ള ഗാനഗന്ധര്‍വ്വന്റെ പതിവ് മുടങ്ങിയിരിക്കുകയാണ് ഇത്തവണ. കഴിഞ്ഞ 48 വര്‍ഷമായി തന്റെ പിറന്നാള്‍ ദിനമായ ജനുവരി 10ന് അദ്ദേഹം കുടുംബസമ്മേതം കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയില്‍ ഭജനയിരുന്നാണ് ആഘോഷിക്കാറുള്ളത്.
എന്നാല്‍ ഇത്തവണ ആ പതിവില്ല. കൊറോണ സാഹചര്യം കണക്കിലെടുത്താണ് യേശുദാസ് ഇത്തവണ ക്ഷേത്ര ദര്‍ശനം മാറ്റിവച്ചത്. യേശുദാസിന്റെ സുഹൃത്തും ഗാനരചയിതാവുമായ ആര്‍കെ ദാമോദരനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മൂകാംബിക ദേവിയുടെ സന്നിധിയിലെത്താനാവില്ലെന്ന വിവരം അദ്ദേഹം അറിയിച്ചത്.
2021ലെ ജനുവരി 10ന് ജന്മദിനവും ജനുവരി 13ന് പിറന്നാളും അടുത്തടുത്ത് വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ മൂകാംബിക സന്നിധിയിലുണ്ടാകണമെന്ന ആഗ്രഹം യേശുദാസ് ദാമോദരനുമായി നേരത്തെ പങ്കുവെച്ചിരുന്നു.
അമേരിക്കയിലെ ഡെല്ലാസിലുള്ള യേശുദാസ് ഇത്തവണ അവിടെവച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. ദേവിയ്ക്ക് മുന്നില്‍ നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ സരസ്വതി മണ്ഡപത്തില്‍ വെബ് കാസ്റ്റ് വഴിയാണ് യേശുദാസ് സംഗീത കച്ചേരി അവതരിപ്പിച്ചത്. മാര്‍ച്ചില്‍ നാട്ടിലെത്താനാണ് യേശുദാസ് ആലോചിക്കുന്നത്.
അതേസമയം പിറന്നാളിനോട് അനുബന്ധിച്ച് സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബിക സംഗീതോത്സവം തന്റെ അസാന്നിധ്യത്തില്‍ പതിവ് പോലെ നടക്കുമെന്നും യേശുദാസ്അറിയിച്ചിട്ടുണ്ട്. യേശുദാസിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് 2001 മുതല്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അദ്ദേഹത്തിന് വേണ്ടി സംഗീതാര്‍ച്ചന നടത്താറുണ്ട്.
1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. അച്ഛന്‍ തന്നെയായിരുന്നു ആദ്യ ഗുരു.
എട്ടാം വയസ്സില്‍ പ്രാദേശിക സംഗീത മത്സരത്തില്‍ നേടിയ സ്വര്‍ണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്റെ അടയാളനക്ഷത്രമായി.
തുടര്‍ന്ന്, കരുവേലിപ്പടിക്കല്‍ കുഞ്ഞന്‍ വേലു ആശാന്റയും പള്ളുരുത്തി രാമന്‍ കുട്ടി ഭാഗവതരുടെയും ശിഷ്യത്വം, 1960 ല്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി അക്കാദമിയില്‍ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ എത്തിയത് വഴിത്തിരിവായി. പ്രിന്‍സിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ വഴി സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്.
എംബി ശ്രീനിവാസിന്റെ സംഗീതത്തില്‍ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടി സിനിമാ സംഗീത ലോകത്തേക്ക്. ‘ജാതിഭേദം മതദ്വേഷം’ അവിടുന്നിങ്ങോട്ട് യേശുദാസിനെ കേള്‍ക്കാതെ ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോയിട്ടില്ല, കുടില്‍ തൊട്ട് കൊട്ടാരം വരെ അതേറ്റുപാടി.
വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി, ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, എം എസ് ബാബുരാജ് ശ്രീകുമാരന്‍ തമ്പി, എംകെ അര്‍ജ്ജുനന്‍ എന്നിങ്ങനെ ഒട്ടേറെ മഹാരൂപികള്‍, ഈ സമൃദ്ധിയില്‍ ഒരേ ഒരു യേശുദാസ്. പ്രതിഭയുടെ ആ വൈവിധ്യം യേശുദാസിലേക്ക് സംക്രമിച്ചു. അത് മലയാളത്തിന്റെ ഗാനവസന്തമായി തലമുറകളിലേക്കും. പല ഭാഷകളില്‍ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സര്‍ഗ്ഗസംഗീതം പടര്‍ന്നുപന്തലിച്ചു.
ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതം തലമുറകള്‍ പിന്നിട്ടിട്ടും ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ലോകത്തെവിടെയും ഒരുഗായകനും ഇതുപോലെ ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. അമ്പത് വര്‍ഷത്തിലധികം നീണ്ട ചലചിത്ര സംഗീത യാത്രയിക്കിടയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസ് ആലപിച്ചത്. ഇന്നും യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന ഒരു ഗാനമെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ ഇല്ല. ഇനിയും യേശുദാസിന്റെ എത്രയോ ഗനങ്ങള്‍ കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ് സംഗീത പ്രേമികള്‍.
Discussion about this post