സ്ലാബില്ലാത്ത ഓടയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ട സംഭവം: കുടുംബത്തിന് സര്‍ക്കാര്‍ മുപ്പത് ലക്ഷം രൂപ നഷ്പരിഹാരം നല്‍കാന്‍ ഉത്തരവ്

കോഴിക്കോട്: സ്ലാബില്ലാത്ത ഓടയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ മുപ്പത് ലക്ഷം രൂപ നഷ്പരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനെയും പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനിയറെയും എതിര്‍ കക്ഷികളാക്കി മരിച്ചയാളുടെ കുടുംബം ഫയല്‍ ചെയ്ത കേസിലാണ് നടപടി. കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ്‌കോടതിയില്‍ വാദം കേട്ട കേസില്‍ ജഡ്ജി എസ് സൂരജ് ആണ് വിധി പ്രഖ്യാപിച്ചത്. പൊതുമരാമത്ത് വകുപ്പാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

2017 ജൂലൈ 22ന് കെടി ഗോപാലന്‍ റോഡില്‍ ആണ് കേസിനാസ്പദമായ സംഭവം. കാറ്ററിംഗ് സെന്റര്‍ പാചകത്തൊഴിലാളി ആയിരുന്ന കോട്ടൂളി പുതിയാറമ്പത്ത് സതീശന്‍ (49) ആണ് മരിച്ചത്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഇയാള്‍ രാത്രി പത്തരയോടെയാണ് വെള്ളം നിറഞ്ഞ ഓടയില്‍ വീണ് മുങ്ങി മരിച്ചത്. തൊട്ടടുത്ത ദിവസമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ സതീശന്റെ ഭാര്യ ഭാര്യ കെ സുമ, മകള്‍ അഭിരാമി, അമ്മ ശ്രീമതി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ഓടയ്ക്കു മുകളില്‍ സ്ലാബോ കൈവരികളോ സ്ഥാപിക്കാതെ അധികൃതര്‍ നിയമപ്രകാരമുള്ള ബാധ്യത നിര്‍വഹിക്കാത്തതു കൊണ്ടാണ് അപകടമുണ്ടായതെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും അത് അപര്യാപ്തമാണെന്നും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, സതീശന്‍ മദ്യപിച്ചിരുന്നുവെന്നും അതുകൊണ്ട് റോഡും ഓവുചാലും തിരിച്ചറിയാത്ത സ്ഥിതിയിലായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. അയാളുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ആകെയുള്ള 31.9 ലക്ഷം രൂപയുടെ നഷ്ടം 32 ലക്ഷമാക്കി കണക്കാക്കി നേരത്തേ നല്‍കിയ 2 ലക്ഷം കഴിച്ച് 30 ലക്ഷവും മൂന്ന് പേര്‍ക്കായി നല്‍കണം. മൈനറായ കുട്ടിയുടെ വിഹിതം ബാങ്കില്‍ നിക്ഷേപിക്കണം. വിധി വന്ന ദിവസം മുതല്‍ 6 ശതമാനം പലിശയും നല്‍കണമെന്നും ഉത്തരവിലുണ്ട്.

Exit mobile version