വെഞ്ഞാറമൂട്: വാക്ക് പാലിക്കാനുള്ളതാണ്, ജയമാണെങ്കിലും തോല്‍വിയാണെങ്കിലും. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും കൊടുത്ത വാക്ക് പാലിച്ച ശ്രദ്ധേയമായിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍ ശോഭ. പ്രചാരണസമയത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥിനിയ്ക്ക് ടിവി നല്‍കാമെന്ന് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ശോഭ.
വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തിലെ പരമേശ്വരം വാര്‍ഡില്‍ നിന്നായിരുന്നു എന്‍ ശോഭ ജനവിധി തേടിയത്. പ്രചാരണത്തിന് പോയപ്പോള്‍ മാടത്തിവിളാകം കോളനിയില്‍ രക്ഷിതാക്കളുടെ സംരക്ഷണമില്ലാത്ത വിദ്യാര്‍ഥിക്ക് സ്വന്തമായി ടിവിയില്ലാത്തതുകൊണ്ട് ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാത്ത സാഹചര്യം മനസ്സിലാക്കി. തുടര്‍ന്ന് ജനപ്രതിനിധിയാകുമ്പോള്‍ ഒരു ടിവി തരപ്പെടുത്തിത്തരാമെന്ന് സ്ഥാനാര്‍ഥി ശോഭ അന്ന് ഉറപ്പുകൊടുത്തു.
എന്നാല്‍, ഫലം വന്നപ്പോള്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. പക്ഷേ, താന്‍ കൊടുത്ത ഉറപ്പ് പാലിക്കാന്‍ ശോഭ കുട്ടിയുടെ വീട്ടിലേക്ക് സ്വന്തം ചെലവില്‍ ടിവിയും കേബിള്‍ കണക്ഷനും വാങ്ങി നല്‍കുകയായിരുന്നു.
നെല്ലനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രന്‍, ഗ്രാമപ്പഞ്ചായത്തംഗം വെഞ്ഞാറമൂട് സുധീര്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.അപ്പുക്കുട്ടന്‍പിള്ള, കോണ്‍ഗ്രസ് നേതാക്കളായ രാമകൃഷ്ണന്‍, ശ്രീലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോളനിയിലെ കുടിവെള്ളപ്രശ്നത്തിന് രണ്ടാഴ്ചയ്ക്കകം പരിഹാരം ഉണ്ടാക്കുമെന്ന് കോളനി നിവാസികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കി.