കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. വരുന്ന തെരഞ്ഞെടുപ്പില്‍ പുനലൂര്‍ മണ്ഡലം നല്‍കാമെന്ന് യുഡിഎഫ് അറിയിച്ചെന്ന് കെമാല്‍ പാഷ പറഞ്ഞു. എന്നാല്‍ എറണാകുളമോ തൃക്കാക്കരയോ ആണ് താല്‍പര്യമെന്നും ആ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് ലഭിച്ചാല്‍ മത്സരിക്കാമെന്നുമാണ് താന്‍ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫുമായി ബന്ധപ്പെട്ടവര്‍ സമീപിച്ചു. എന്നാല്‍ എറണാകുളത്തെ മണ്ഡലങ്ങളാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്നറിയിച്ചു. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ട. അഴിമതി നടത്താന്‍ ആരേയും സമ്മതിക്കില്ല’ കെമാല്‍ പാഷ പറഞ്ഞു.
പുനലൂര്‍ തന്റെ സ്ഥലമാണെന്നും തനിക്ക് ഒരുപാട് ആളുകള്‍ അവിടെയുണ്ടെന്നും എന്നാല്‍, പ്രായോഗികമായി തനിക്കത് ബുദ്ധിമുട്ടാണെന്നും കെമാല്‍ പാഷ വ്യക്തമാക്കി. പുനലൂര്‍ ലഭിച്ചാല്‍ ഇവിടെ നിന്ന് താമസം മാറേണ്ടതായിട്ട് വരും. മക്കളും സഹോദരങ്ങളും ഇവിടെയാണ്.
പുനലൂരില്‍ മത്സരിച്ച് എംഎല്‍എ ഇവിടെയിരുന്ന് അവിടുത്തെ കാര്യങ്ങള്‍ ചെയ്യുന്നത് എളുപ്പമാകില്ല. അങ്ങനെ വരുമ്പോള്‍ അങ്ങോട്ട് താമസം മാറേണ്ടി വരും. അതുകൊണ്ടു തന്നെ സ്‌നേഹപൂര്‍വം താനത് നിരസിക്കുകയായിരുന്നു എന്നും കെമാല്‍ പാഷ പറഞ്ഞു.
താന്‍ ഇപ്പോള്‍ താമസിക്കുന്നത് തൃക്കാക്കര മണ്ഡലമാണ്. അതുകൊണ്ട് തൃക്കാക്കര മണ്ഡലമോ അടുത്തുള്ള ഏതെങ്കിലും മണ്ഡലമോ ആണെങ്കില്‍ താന്‍ ആലോചിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.
താനും ജനങ്ങളുടെ ഭാഗമാണെന്നും അഴിമതി കണ്ട് മടുത്തെന്നും എന്നാല്‍ തന്റെ ഒറ്റപ്പെട്ട ശബ്ദം കൊണ്ട് മാത്രം അതിനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. അഴിമതിക്ക് എതിരായി ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഒരു സംഘടിത ശക്തിക്ക് ഒപ്പമാകുമ്പോള്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ കഴിയും. എന്തായാലും താന്‍ തെറിവിളി കേട്ടു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിജയിച്ചാല്‍ ശമ്പളമൊന്നും വേണ്ടെന്നും സര്‍ക്കാര്‍ പെന്‍ഷന്‍ തരുന്നുണ്ടെന്നും തനിക്കതു മതിയെന്നും കെമാല്‍ പാഷ പറഞ്ഞു. ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ഒന്നുമെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഏതെങ്കിലും ഒരു പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്നാല്‍ അതിലുള്ള ആളുകള്‍ നല്ലതായി നടക്കാന്‍ നിര്‍ബന്ധമായിട്ട് താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒറ്റയ്ക്ക് ശബ്ദിച്ചതു കൊണ്ട് ആരെങ്കിലും നന്നാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളാണ് താനുമായി ബന്ധപ്പെട്ടത്. എന്നാല്‍, ഏറ്റവും വലിയ നേതൃത്വത്തില്‍ നിന്നുള്ള ആളുകളൊന്നും താനുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ ഒക്കെ തന്നെ അറിയാവുന്ന ആളുകളാണെന്നും അവരുടെ അറിവോടു കൂടിയാണ് പുനലൂര്‍ മണ്ഡലത്തിന്റെ കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെയൊരു ഓഫര്‍ വന്നാല്‍ സ്വീകരിക്കാന്‍ ആണ് സാധ്യതയെന്നും അതിനെക്കുറിച്ച് ഗൗരവമായി താന്‍ ആലോചിക്കുമെന്നും കെമാല്‍ പാഷ പറഞ്ഞു.