കെഎം ഷാജി എംഎല്‍എയ്ക്ക് കോവിഡിന് പിന്നാലെ ഹൃദയാഘാതവും: ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കി

കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. എംഎല്‍എയെ ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായിരുന്നു.

ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. എംഎല്‍എയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകേണ്ടിവരും.


2014ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ വേണ്ടി 25 ലക്ഷം രൂപ കോഴ വാങ്ങിയതാണ് കേസ്. കേസില്‍ 25 ഓളം പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയ നൗഷാദ്, ലീഗിന്റെ ജില്ലാ പ്രാദേശിക നേതാക്കള്‍, സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെ മൊഴി എന്നിവയില്‍ കെഎം ഷാജി കോഴ വാങ്ങിയത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

Exit mobile version