തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് മുന്‍പുള്ള രണ്ടാംഘട്ട ഡ്രൈ റണ്‍ പൂര്‍ത്തിയായി. രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് വിവിധ ജില്ലകളിലെ 46 കേന്ദ്രങ്ങളിലായി ഡ്രൈ റണ്‍ നടന്നത്. ആരോഗ്യ പ്രവര്‍ത്തകരാണ് ഡ്രൈ റണില്‍ പങ്കാളികളായത്. വാക്സിന്‍ എപ്പോള്‍ എത്തിയാലും കേരളം കോവിഡ് വാക്സിനേഷന് സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
കുത്തിവെപ്പ് ഒഴികെയുള്ള വാക്സിനേഷന്റെ എല്ലാ നടപടിക്രമങ്ങളും മോക്ഡ്രില്‍ മാതൃകയില്‍ ആവിഷ്‌കരിച്ചായിരുന്നു ഡ്രൈ റണ്‍. കോഴിക്കോട് ജില്ലയില്‍ 5 കേന്ദ്രങ്ങളിലായി 125 പേരും കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാശുപത്രി, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യകേന്ദ്രം , കാസര്‍കോട് കിംസ് ആശുപത്രി എന്നിവിടങ്ങളില്‍ ഡ്രൈ റണ്‍ നടന്നു. കൊല്ലത്ത് വിക്ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളേജ്, അഞ്ചല്‍ ഗവണ്‍മെന്റ് ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ഡ്രൈ റണ്‍.
തിരുവനന്തപുരത്തും എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും പാലക്കാടും വയനാട്ടിലും ആരോഗ്യ പ്രവര്‍ത്തകരായ 75 പേര്‍ വീതമാണ് ഡമ്മി വാക്സിന്‍ സ്വീകരിച്ചത്. ഇടപ്പള്ളി കിന്‍ഡര്‍ ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഡ്രൈറണ്‍ നിരീക്ഷിക്കാനെത്തി.
തൃശൂര്‍ ജില്ലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേത്യത്വത്തിലായിരുന്നു കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി, ചാലിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ എന്നീ ആശുപത്രികളിലാണ് ഡ്രൈ റണ്‍ നടന്നത്.
ആലപ്പുഴയില്‍ നാലിടത്തായിരുന്നു ഡ്രൈ റണ്‍ ഓരോ കേന്ദ്രങ്ങളിലും 25 പേര്‍ വീതം പങ്കെടുത്തു. ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് കലക്ടര്‍ എ അലക്‌സാണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഡ്രൈ റണിനായി സജ്ജീകരിച്ച ആശുപത്രികളിലെല്ലാം കാത്തിരിപ്പിനും വാക്‌സിനേഷനും വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള നിരീക്ഷണത്തിനും പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു.
Discussion about this post