കല്‍പ്പറ്റ: ‘കുടചൂടി സിസിടിവിയെ തോല്‍പ്പിക്കുന്ന’ കള്ളനെ തേടി പോലീസ്. സുല്‍ത്താന്‍ബത്തേരി പോലീസാണ് കുടചൂടിയ കള്ളന്റെ പിറകെയുള്ളത്, ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണത്തിനെത്തുന്ന കള്ളന്‍ സിസിടിവികള്‍ പ്രത്യേകം നിരീക്ഷിച്ച് കുട ചൂടി പ്രതിരോധിക്കുകയാണ്. മാത്രമല്ല പ്ലാന്‍്‌സും ഷൂവിനും പുറമെ മാസ്‌കും ഗ്ലൗസും ഉപയോഗിച്ച് തെളിവ് നല്‍കാതിരിക്കാനും ഇയാള്‍ ശ്രദ്ധിക്കുന്നുണ്ട്.
സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയാണ് കള്ളന്റെ സ്ഥിരം കേന്ദ്രമെങ്കിലും സമീപ പോലീസ് സ്റ്റേഷനുകളിലും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറുമാസത്തിനിടെ സമാനരീതിയിലുള്ള അഞ്ചുമോഷണങ്ങള്‍ നടന്നതോടെയാണ് ‘കുടചൂടിയ കള്ളനെ’ തേടി പോലീസ് പരക്കം പായുന്നത്.
പരിശോധനയില്‍ നൂല്‍പ്പുഴ, അമ്പലവയല്‍ സ്റ്റേഷന്‍ പരിധികളില്‍ രണ്ടുവീതം കേസുകള്‍ ഇത്തരത്തിലുള്ളതാണ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 29 ന് സുല്‍ത്താന്‍ബത്തേരിക്കടുത്ത് നായ്‌ക്കെട്ടിയില്‍ മാളപ്പുരയില്‍ അബ്ദുല്‍ സലാം എന്നയാളുടെ വീട്ടില്‍ നിന്ന് 20.5 ലക്ഷം രൂപയും 17 പവന്‍ സ്വര്‍ണവും ഡിസംബര്‍ 27ന് അമ്മായിപ്പാലത്ത് തമിഴ്‌നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട് കുത്തിത്തുറന്ന് ആറര ലക്ഷം രൂപയോളം കവര്‍ന്നതുമാണ് ഏറ്റവും ഒടുവില്‍ നടന്ന വലിയ മോഷണങ്ങള്‍. ഇതിന് മുമ്പ് പുത്തന്‍കുന്നിലെ വീട്ടിലും ആളില്ലാത്ത സമയത്ത് മോഷണം നടന്നിരുന്നു.
മൂലങ്കാവ് തേലമ്പറ്റ റോഡില്‍ റിട്ട. അധ്യാപകന്റെ വീട്ടില്‍ കയറിയെങ്കിലും പ്രത്യേകിച്ച് ഒന്നും കൊണ്ടുപോയിരുന്നില്ല. ആളില്ലാത്ത വീടുകള്‍ കൃത്യമായി നിരീക്ഷിച്ച് പിന്‍വാതില്‍ തകര്‍ത്താണ് മോഷണങ്ങള്‍ മിക്കതും നടക്കുന്നത്.
അതേസമയം, സിസിടിവി ക്യാമറകള്‍ കൂടി നിരീക്ഷിച്ച് ഇതിനെ പ്രതിരോധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കൂടി അതിബുദ്ധിയുള്ള കള്ളന്മാര്‍ കണ്ടെത്തുന്നതാണ് അന്വേഷണത്തിന് തിരിച്ചടി ആയിരിക്കുന്നത്.