ആലപ്പുഴ: പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ല, എന്നാല്‍ ജനിതകമാറ്റം സംഭവിച്ച് പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വനം മന്ത്രി കെ രാജു. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തുണ്ടായ പക്ഷിപ്പനിയുടെ ഉത്ഭവം ദേശാടന പക്ഷികളില്‍ നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘എച്ച്5 എന്‍8 എന്ന വൈറസ് മനുഷ്യരിലേക്ക് പടര്‍ന്ന ചരിത്രമില്ല. എന്നാല്‍ വൈറസിന് എപ്പോള്‍ വേണമെങ്കിലും ജനിതക മാറ്റമുണ്ടാവാം. മനുഷ്യരിലേക്ക് പടരുന്ന വൈറസാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണം. പ്രഭവ കേന്ദ്രത്തിലെ 400 ലധികം വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
അവിടെ നാലു പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തി’. എന്നാല്‍ പനി വന്നവര്‍ക്ക് പക്ഷിപ്പനിയുമായി ബന്ധമില്ല. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല-, പക്ഷെ ജാഗ്രതവേണമെന്നും മന്ത്രി പറഞ്ഞു.
നാളെ കേന്ദ്ര സംഘം പ്രധാനമായും വരുന്നത് പക്ഷിപ്പനി മനുഷ്യനിലേക്ക് പടരാനുള്ള സാധ്യതകള്‍ പരിശോധിക്കാനാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും മുട്ട, ഇറച്ചി എന്നിവ നന്നായി പാചകം ചെയ്ത് കഴിക്കുന്നതില്‍ കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ രോഗം സ്ഥിരീകരിച്ച മേഖലകളില്‍ പക്ഷി, ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പനയ്ക്കുള്ള നിരോധനം തുടരും.
ആലപ്പുഴയില്‍ ഇതിനോടകം 42960 പക്ഷികളെ കൊന്നു. ആലപ്പുഴയില്‍ 23857 പക്ഷികളാണ് നേരത്തെ ചത്തത്. ഇപ്പോള്‍ കൊന്നത് 37656 പക്ഷികളേയാണ്. കോട്ടയത്ത് 7729 താറാവുകളേയും 132 കോഴികളേയും കൊന്നു. നാളെ എല്ലായിടവും അണുവിമുക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗം കണ്ടെത്തിയ 10 കിലോമീറ്റര്‍ മേഖലകളില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണം നടത്തും.
കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇപ്പോള്‍ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ കൂടുതല്‍ ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കും. പക്ഷിപ്പനി സ്ഥിരീകരിക്കും മുന്‍പ് ചത്ത താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post