ആലപ്പുഴ: പക്ഷിപ്പനിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയായി ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. താറാവുകളുടെ പ്രായമനുസരിച്ചായിരിക്കും നഷ്ടപരിഹാരം. രണ്ടുമാസത്തിന് മുകളില്‍ പ്രായമുള്ള താറാവുകള്‍ക്ക് 200 രൂപ, ഇതില്‍ത്താഴെയുള്ളതിന് 100 രൂപ, നശിപ്പിക്കുന്ന മുട്ടയൊന്നിന് 5 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം.
പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയത്തും ആലപ്പുഴയിലും പക്ഷികളെ കൊന്നു നശിപ്പിക്കുന്നത് തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ഉന്നതതല യോഗം ചേരും.
താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ പ്രദേശങ്ങളില്‍ പത്തുദിവസം കര്‍ശന നിരീക്ഷണമുണ്ടാകും. ഇവിടങ്ങളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം കോട്ടയത്തും ആലപ്പുഴയിലുമായി പക്ഷികളെ കൊന്ന് നശിപ്പിക്കുന്നത് തുടരുകയാണ്.
ഇന്നലെ ഇരുപത്തയ്യായിരത്തോളം പക്ഷികളെ നശിപ്പിച്ചിരുന്നു. ബാക്കിയുള്ള ഇരുപതിനായിരത്തോളം പക്ഷികളെ നിര്‍മ്മാര്‍ജ്ജനം ചെയ്തുവരികയാണ്. മറ്റിടങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടോയെന്നറിയാനുള്ള പരിശോധനയും മൃഗസംരക്ഷണവകുപ്പ് നടത്തുന്നുണ്ട്.
Discussion about this post