കോന്നി: ഏറ്റവും ചെറിയ സമയം കൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന്റെ സ്‌നേഹം ഏറ്റുവാങ്ങിയ എംഎല്‍എയാണ് കെയു ജനീഷ് കുമാര്‍. ഇപ്പോളിതാ തീര്‍പ്പാകാതെ കിടക്കുന്നതും ഓഫിസുകളുടെ നടപടി ക്രമങ്ങളറിയാത്തത് കൊണ്ട് അപരിഹാരമായി നില്‍ക്കുന്നതുമായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിവേഗം പരിഹരിക്കാനായി ‘ജനകീയ സഭയ്ക്ക് ആരംഭം കുറിച്ചിരിക്കുകയാണ് കോന്നി എംഎല്‍എ ജനീഷ് കുമാര്‍.
സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കിടയില്‍ നേരിട്ടെത്തി പരാതികള്‍ പരിഹരിക്കുന്ന ‘ജനകീയസഭ’യുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ജനുവരി ആറിന് ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോന്നിയില്‍ നടക്കും.
കോന്നി നിയോജക മണ്ഡലത്തിലെ 150 കേന്ദ്രങ്ങളിലെ ‘ജനകീയസഭ’ പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം പ്രമാടം ഗ്രാമ പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പില്‍ വച്ചാണ് നടക്കുക.
ജനപ്രതിനിധികളും, വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും അതാതു പ്രദേശങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും, പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് ജനകീയ സഭ. ചെറുപ്പക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ ജനം അര്‍പ്പിച്ച പ്രതീക്ഷയും വിശ്വാസവും തെറ്റിച്ചില്ല എന്ന് കൂടി വീണ്ടും തെളിയിക്കുകയാണ് വ്യത്യസ്തവും മാതൃകാപരവുമായ ജനകീയസഭയിലൂടെ ജനീഷ് കുമാര്‍
റവന്യൂ, പോലീസ്, എക്സൈസ്, പഞ്ചായത്ത്, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലെയ്സ്’, ഗ്രാമവികസനം, പട്ടികജാതി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനകീയ സഭയില്‍ പങ്കെടുക്കുന്നതോടെ ജനകീയ പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. ആദ്യസഭയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി.
ഓരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ സഭയില്‍ പങ്കെടുത്ത് ജനങ്ങള്‍ക്ക് നേരിട്ട് ഉന്നയിക്കാം. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പരമാവധി പ്രശ്നങ്ങള്‍ക്ക് സഭയില്‍ വച്ചു തന്നെ പരിഹാരമുണ്ടാക്കി നല്കും. കാലതാമസമുള്ളവ സമയബന്ധിതമായി പരിഹരിക്കും. അത് കൊണ്ട് തന്നെ വളരെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആണ് ജനങ്ങള്‍ ജനകീയ സഭയെ വരവേല്‍ക്കുന്നത്.