തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലയ്ക്കകത്ത് ആരംഭിച്ച കെഎസ്ആർടിസി സർവീസുകൾ കനത്ത നഷ്ടത്തിൽ. തിങ്കളാഴ്ചത്തെ സർവീസിൽ അറുപത് ലക്ഷം രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് ഉണ്ടായെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തിയിരുന്നു. കൂടുതൽ കിലോമീറ്ററുകൾ ഓടുകയും ചെയ്തു. 1432 സർവീസുകളാണ് ഇന്നലെ ആകെ നടത്തിയത്. 2,41,223 കിലോമീറ്ററുകൾ ആകെ ബസ് ഓടി.
അതേസമയം, വ്യാഴാഴ്ചത്തെ ആകെ നഷ്ടം ഏകദേശം 51 ലക്ഷത്തിന് മുകളിലാണ്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു കിലോമീറ്റർ നഷ്ടമില്ലാതെ സർവീസ് നടത്തണമെങ്കിൽ 45 രൂപ വേണം. എന്നാൽ ഇന്നലെ കിലോമീറ്ററിന് ലഭിച്ചത് 23.25 പൈസയാണ്. 22 രൂപയിലധികം നഷ്ടമാണ് ഒരു കിലോമീറ്ററിൽ ഇന്നലെ കെഎസ്ആർടിസിക്ക് ഉണ്ടായത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസിൽ പകുതി യാത്രക്കാരെ വെച്ച് സർവീസ് നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ നഷ്ടം കെഎസ്ആർടിസി പ്രതീക്ഷിക്കുന്നുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ച ശേഷം സർവീസ് ആരംഭിച്ച രാജ്യത്തെ ഭൂരിഭാഗം എല്ലാ സംസ്ഥാന സർവീസുകളും പ്രതിസന്ധിയിലാണ്. കെഎസ്ആർടിസിയും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
എന്നാൽ നിലവിൽ നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് ദിവസവും അറുപത് ലക്ഷം രൂപയുടെ അടുത്തുണ്ടാകുന്ന നഷ്ടം കൂടി താങ്ങാനാവില്ല. അതുകൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ സഹായം കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഔദ്യോഗികമായി കേന്ദ്ര ഗതാഗതവകുപ്പിനെ സമീപിക്കാനും സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post