ഇടുക്കി: വാഴവരയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐ അനില്‍കുമാറിന് ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് സഹോദരന് സുരേഷ് കുമാര്‍. അനില്‍കുമാറിന് ആവശ്യത്തിനുള്ള ലീവ് പോലും നല്‍കിയില്ലെന്ന് സഹോദരന് പറഞ്ഞു. മാത്രമല്ല അമ്മയ്ക്ക് വയ്യാതായപ്പോള്‍ പോലും ലീവ് കൊടുത്തിരുന്നില്ലെന്നും സുരേഷ് കൂട്ടിചേര്‍ത്തു.
ഇതിനിടെ പോലീസ് അക്കാദമിയില്‍ അനില്‍കുമാറിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നിരുന്നെന്നും സുരേഷ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്, ഇതിനാല്‍ ഡിജിപിയെ സമീപിക്കുമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ഉച്ചക്കാണ് എസ്ഐ അനില്‍കുമാറിനെ വാഴവരയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ഭാരവും സഹപ്രവര്‍ത്തകരുടെ മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് ഇതിന് പിന്നാലെ കണ്ടെടുത്തു.
വര്‍ഷങ്ങളായി അക്കാദമിയിലാണ് അനില്‍കുമാര്‍ ജോലി ചെയ്യുന്നത്. ഇവിടത്തെ ക്യാന്റീന് അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് കുറച്ച് കാലമായി നടന്നുവരുന്നത്. ഇതിന്റെ ഭാരം താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്.
മാത്രമല്ല, എഎസ്ഐ രാധാകൃഷ്ണന് ഇതിനിടെ വല്ലാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും കുറിപ്പില്‍ കാണാം. അനധികൃതമായി ഇയാള്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഈ പണം തിരിമറി നടത്തിയതില്‍ അന്വേഷണം വേണമെന്നും കുറിപ്പില്‍ അനില്‍കുമാര്‍ വ്യക്തമാക്കുന്നു.
Discussion about this post