കാര്‍വാന്‍; ആരും കൊതിക്കുന്ന സ്വപ്ന യാത്ര

karwaan,dq,irfan khan

നിധിന്‍ നാഥ്  

ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് സിനിമയെന്ന നിലയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു കാര്‍വാന്‍. ട്രെയിലര്‍ പുറത്ത് വന്നതോടെ ഉയര്‍ന്ന ആരാധക പ്രതീക്ഷകളിലേക്കാണ് സിനിമ എത്തിയത്. കോമഡി ട്രാക്കിലുള്ള റോഡ് മൂവിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയെ പരിചയപ്പെടുത്തിയിരുന്നത്. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനൊപ്പം തന്നെ മിഥില പല്‍ക്കറിന്റെ ആദ്യ സിനിമ കൂടിയാണ് കാര്‍വാന്‍. യൂടൂബ് വെബ് സീരിസുകളിലൂടെ പ്രശസ്തയാണ് മിഥില. ഒപ്പം ഇര്‍ഫാന്‍ ഖാന്‍ എന്ന മികച്ച നടനും. ഈ പ്രതിക്ഷകളോടെല്ലാം കാര്‍വാന്‍ നീതി പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

സിനിമയുടെ മികവിനനുസരിച്ച് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന മികവ് തന്നെയാണ് കാര്‍വാന്‍ തന്റെ ആദ്യ ബോളിവുഡ് സിനിമയാക്കാന്‍ ദുല്‍ഖര്‍ സല്‍മാനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇര്‍ഫാന്‍ ഖാനെ പോലെ കിട്ടുന്ന സ്‌പെയിസ് ഏറ്റവും നന്നായി ഉപയോഗിക്കുന്ന നടനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുമ്പോള്‍ നടന്‍ എന്ന നിലയില്‍ ദുല്‍ഖര്‍ നേരിടുന്ന പ്രതിസന്ധി ഇവിടെ തുറന്ന് കാണിക്കുന്നുണ്ട്. ഇതിന്റെ തോത് വര്‍ധിക്കുന്നത് മിഥില പല്‍ക്കറിന്റെ പ്രകടനത്തിന്റെ ഗ്രാഫ് കൂടി ഉയരുന്നതോടെയാണ്. എന്നിരുന്നാലും അവിനാശ് തന്റെ സിനിമ ജീവിതത്തിലെ നാഴിക കല്ലാവുന്ന കഥാപാത്രമാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെയാവണം ദുല്‍ഖര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. കൃത്യമായ തെരഞ്ഞെടുപ്പിന് ദുല്‍ഖര്‍ കൈയടി അര്‍ഹിക്കുന്നുണ്ട്.

തന്റെ അച്ഛന്റെ മരണവും തുടര്‍ന്നുണ്ടാവുന്ന സംഭവികാസങ്ങളുമാണ് കാര്‍വാന്‍. ബാംഗ്ലൂരില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള അവിനാശിന്റെയും( ദുല്‍ഖര്‍) ഷൗക്കത്തിന്റെയും(ഇര്‍ഫാന്‍ ഖാന്‍) യാത്രയാണ് സിനിമ. ഇവര്‍ക്കൊപ്പം ടാനിയ(മിഥില) കൂടി ചേരുന്നതോടെയാണ് സിനിമ അതിന്റെ താളത്തിലേക്ക് ഉയരുന്നത്. മരണത്തിനെ തുടര്‍ന്നുള്ള യാത്രയെ തന്മയതോടെ കോമഡി ട്രാക്കില്‍ അവതരിപ്പിച്ചുവെന്നതാണ് സിനിമയെ വ്യത്യസ്ഥമാക്കുന്നത്.

സോളോയടക്കമുള്ള സിനിമകള്‍ ഒരുക്കിയ ബിജോയ് നമ്പ്യാരുടെ തിരക്കഥ സിനിമയെ ആസ്വാദന ചരടില്‍ കോര്‍ത്ത് നിര്‍ത്തുന്നുണ്ട്. വലിയ സംഭാഷണങ്ങള്‍ക്ക് പകരം കൃത്യമായ ദൃശ പരിചരണത്തിലൂടെയാണ് കാര്‍വാന്‍ പുരോഗമിക്കുന്നത്. വണ്‍ ലൈന്‍ കോമഡി ഡയലോഗുകള്‍ സിനിമയ്ക്ക് കൂടുതല്‍ ഉണര്‍വ് സമ്മാനിക്കുന്നു. ഇര്‍ഫാന്‍ ഖാന്‍ മറ്റുള്ളവരില്‍ നിന്ന് ഒരു പടി പ്രകടനത്തില്‍ ഉയര്‍ന്ന് നില്‍കുന്നത് ഈ കോമഡി ഡയലോഗുകളുടെ അവതരണത്തിലൂടെയാണ്. വളരെ സീരിയസായി ഇരിക്കുന്ന ഷൗക്കത്തില്‍ നിന്ന് അടുത്ത നിമിഷം പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രമായി മാറുന്ന ഇര്‍ഫാന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. സ്വിച്ച് ഇടുന്ന പോലെ കഥാപാത്രത്തിന്റെ ഭാവങ്ങള്‍ മാറുന്ന ഇര്‍ഫാന്‍ സിനിമയെ രസകരമാക്കി നിര്‍ത്തുമ്പോള്‍ മിഥിലയുടെ കഥാപാത്രം സിനിമക്ക് കൂടുതല്‍ മിഴിവ് നല്‍കുന്നു. പതിഞ്ഞ താളത്തില്‍ പോയിരുന്ന സിനിമയെ ഹൈവോള്‍ട്ടേജ് പ്രകടനം കൊണ്ട് കൂടുതല്‍ രസകരമാക്കി മാറ്റുന്നുണ്ട്.

ഡൈസ് മീഡിയയുടെ വെബ് സീരിസിലൂടെ ശ്രേദ്ധയായ നടി ബോളിവുഡിന്റെ മുഖ്യധാരായുടെ ബദല്‍ സിനിമ ഇടത്തില്‍ ചേര്‍ക്കേണ്ട പേരാണ് തന്റെതെന്ന് പ്രകടനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷെ രാധിക ആപ്‌തേക്ക് അപ്പുറത്തേക്ക് ആരും അത്ര ചൂഷണം ചെയ്യാത്ത ആ ഇടത്തില്‍ ചേര്‍ത്ത് വെക്കാവുന്ന ആളാണ് മിഥിലയെന്ന് ടാന്യയുടെ പ്രകടനം വ്യക്തമാക്കുന്നുണ്ട്. തന്റെ കഥാപാത്രത്തിന് ആവശ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ദുല്‍ഖര്‍ പക്ഷെ അത്ഭുതപ്പെടുത്തുന്നത് ഡബിങിലാണ്. ഭാഷയെ കൃത്യമായി പോരായ്മകള്‍ പേരിന് പോലും ഒന്നുമില്ലാതെയാണ് പ്രസന്റ് ചെയ്യുന്നത്. വലിയ പ്രതീക്ഷളെ പ്രതിസന്ധികള്‍ കൊണ്ട് മാറ്റി നിര്‍ത്തുന്ന ഐടി ജീവിനക്കാരന്‍ ദുല്‍ഖറില്‍ ഭദ്രമാണ്.

പെട്ടെന്ന് ദേഷ്യം വരുന്ന ചൂടന്‍ കഥാപാത്രങ്ങള്‍ ഇതിന് മുന്‍പ് അവതരിപ്പിച്ചിട്ടുള്ള നടനാണ് ദുല്‍ഖര്‍. ഒരോ സിനിമ കഴിയും തോറും തന്റെ പ്രകടനത്തിന്റെ ബാര്‍ ഉയര്‍ത്തുന്ന നടന്‍ കൂടിയാണ് അദ്ദേഹം. ഇവിടെയും പതിവ് പോലെ തന്റെ പ്രകടനം കഴിഞ്ഞ സിനിമകളില്‍ നിന്ന് ഉയരുന്നുണ്ട്. ഇര്‍ഫാന്‍ ഖാന്റെയും മിഥിലയുടെയും പെര്‍ഫോമന്‍സിനിടയില്‍ ദുല്‍ഖര്‍ പലപ്പോഴും സൈഡ്‌ലൈന്‍ ചെയ്യപ്പെടുന്നുണ്ടെങ്കിലും തന്റെ ഭാഗം കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡില്‍ അടുത്ത സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന ദുല്‍ഖറിന് ഇനിയും സിനിമകള്‍ ലഭിക്കുമെന്നതില്‍ സംശയമില്ല. മറ്റ് പല ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്ക് പറ്റിയത് പോലെയുള്ള തെരഞ്ഞെടുപ്പിലെ വികലതയെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ തുടര്‍ന്നും ദുല്‍ഖര്‍ സല്‍മാന്‍ ഭാഗമാവുന്ന നല്ല സിനിമകളുണ്ടാവും.

സിനിമയില്‍ അടുത്ത പറയേണ്ടത് അവിനാഷ് അരുണിന്റെ ക്യാമറയും സംഗീതവുമാണ്. റോഡ് മൂവിയുടെ മൂഡ് സെറ്റ് ചെയ്യുന്നതില്‍ ക്യാമറ വലിയ പങ്കാണ് വഹിക്കുന്നത്. അതിനൊപ്പം തന്നെ സംഗീതവും സിനിമയെ പ്രേക്ഷകനിലേക്ക് അടുപ്പിക്കുന്നുണ്ട്. തമാശയും കാഴ്ചകളുടെ ഭംഗിയുമായി പോകുന്ന സിനിമ സ്ത്രീപക്ഷ നിലപാടുകള്‍ കൃത്യമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. അവിനാഷും ടാന്യയും തമ്മിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലെ രംഗവും പോലീസ് സ്റ്റേഷന്റെ മുന്നില്‍ വച്ച് സ്ത്രീ കഥാ പാത്രം തന്റെ ഭര്‍ത്താവിനോട് തലാക്ക് ചൊല്ലൂന്ന രംഗവും സിനിമയുടെ നിലപാടാണ്. എനിക്ക് നിങ്ങളോടൊപ്പം ജീവിക്കേണ്ടെന്ന് പറഞ്ഞ് കൊണ്ട് തലാക്ക് തലാക്ക് തലാക്ക് എന്ന് പറഞ്ഞ് കൊണ്ട് തനിക്ക് ഇഷ്ടപ്പെട്ട പുരുഷനൊപ്പം പോകുന്ന ആ സ്ത്രീ, ഇത്രയും കൃത്യമായി ജെന്‍ഡറിനെ അടയാളപ്പെടുത്തുക. പലപ്പോഴും സിനിമയിലെ നായക കഥാപാത്രമായ അവിനാഷിന്റെ നിലപാടുകളെ ടാന്യ ഇത് എന്റെ വ്യക്തി സ്വാതന്ത്രിനെതിരാണെന്ന് വിരല്‍ ചൂണ്ടുന്നുണ്ട്. ഇങ്ങനെയുള്ള രംഗങ്ങളിലൂടെ കേവലം ഒരു കാഴ്ച അനുഭവത്തിന്റെത് മാത്രമല്ല തന്റെ സിനിമയെന്ന് സംവിധായകന്‍ ആകാശ് ഖുറാനെ പറയുന്നുണ്ട്.

ബോളിവുഡിന്റെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്നു മാറി, രസകരമായി കഥയെ അവതരിപ്പിക്കുകയാണ് കാര്‍വാന്‍. ബോളിവുഡ് അരങ്ങേറ്റം നല്ല സിനിമയിലൂടെയാണെന്നതില്‍ ദുല്‍ഖര്‍ സല്‍മാന് അഭിമാനിക്കാം. തന്റെ പ്രകടനത്തിന്റെ ഗ്രാഫ് ഉയര്‍ത്തുമ്പോള്‍ തന്നെയും മികച്ച രണ്ട് പെര്‍ഫോമേഴ്‌സിനെയും കാര്‍വാന്‍ അടയാളപ്പെടുത്തും. പൃഥ്വിരാജടക്കം പലരും കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാതെ കളഞ്ഞിടതാണ് മുഖ്യധാരായുടെ ശീലങ്ങള്‍ക്കൊപ്പം നില്‍ക്കാതെ സിനിമ തെരഞ്ഞെടുപ്പിന്റെ മികവിന്റെ ഉദാഹരമാണ് കാരവാനിലെ അവിനാഷാവുന്നത്. മലയാള സിനിമയില്‍ നിന്ന് ബോളിവുഡിലേക്ക് ആരും കൊതിക്കുന്ന ഒരു യാത്ര തന്നെയാണ് കാര്‍വാന്‍.

റേറ്റിംഗ്- 3.5/5

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)