ഇവിടം തന്നെ മാനസികമായി തളര്‍ത്തുന്നു; കലാമണ്ഡലത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നെന്ന് ഗോപിയാശാന്‍

തൃശൂര്‍: കേരള കലാമണ്ഡലത്തല്‍ നിന്നും തന്നെ പുറത്താക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് കലാമണ്ഡലം ഗോപി. കലാമണ്ഡലം തന്നെ മാനസികമായി തളര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. കലാമണ്ഡലം അധികാരികളില്‍നിന്ന് അടുത്ത കാലത്തൊന്നും സ്‌നേഹപൂര്‍വമായ നടപടികള്‍ ഉണ്ടായിട്ടില്ല. 13 വയസ്സ് മുതല്‍ കലാമണ്ഡലത്തിന്റെ ചോറുണ്ട തനിക്ക് ഇതെല്ലാം പറയാനുള്ള ബാധ്യത ഉണ്ടെന്നാണു കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എണ്‍പതാം പിറന്നാളിനു തന്നെ ആദരിക്കാന്‍ കലാമണ്ഡലത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ചിലര്‍ എതിര്‍ത്തപ്പോള്‍ അതവിടെ നടത്തേണ്ടെന്നു തീരുമാനിച്ചു പഴയ കലാമണ്ഡലത്തിലേക്കു മാറ്റി. അതേ സമയം മറ്റു പലരുടെയും ഷഷ്ടിപൂര്‍ത്തിപോലും അവിടെ നടത്തി. ആഴ്ചയില്‍ നാലു ക്ലാസെടുത്തിരുന്ന തന്റെ ക്ലാസുകള്‍ രണ്ടാക്കി. മന്ത്രി ഇടപെട്ടപ്പോള്‍ നാലുതന്നെയാക്കി. എന്തിനാണ് ഇതു ചെയ്യുന്നതെന്ന് അറിയില്ലെന്നും അവാര്‍ഡ് സ്വീകരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. കഷ്ടപ്പാടുകളും ദുരിതങ്ങളും ആവോളം സഹിച്ചാണ് ഈ നിലയിലേക്ക് ഉയര്‍ന്നത്. കലാമണ്ഡലത്തില്‍നിന്ന് എന്നെ പുറത്താക്കാന്‍ പലരും ശ്രമിച്ചു. ഇവയില്‍ മനം മടുത്ത് ഒരിക്കല്‍ രാജിക്കത്ത് സമര്‍പ്പിച്ചതാണ്. എന്നാല്‍ അന്നത്തെ വിസി രാജിക്കത്ത് സ്വീകരിച്ചില്ല. 'ആശാനെപ്പോലെയുള്ളവര്‍ കലാമണ്ഡലത്തില്‍ ഇല്ലാതായാല്‍ ശരിയാവില്ല' എന്നു പറഞ്ഞു കത്ത് മടക്കി നല്‍കി. ഇതാണു കലാമണ്ഡലത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചതെന്നും കലാമണ്ഡലം ഗോപിയാശാന്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നിട്ട് ഒന്നര വര്‍ഷമായി. ഇതുവരെ ഒരു സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കാനായില്ല. യോഗ്യതയുള്ളവര്‍ അവിടേക്കു വരില്ല. അത്രയ്ക്കു മോശമാണു കാര്യങ്ങള്‍. വരാന്‍ നോക്കുന്നവര്‍ യോഗ്യന്മാരുമല്ല. എന്തുകൊണ്ടാണു സര്‍ക്കാരിന് ഒരു വിസിയെ കണ്ടെത്താനാകാത്തതെന്നു കലാമണ്ഡലം ഗോപി ചോദിച്ചു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)