ആര്‍ക്കും അത്രവേഗം നടന്ന് ഒപ്പമെത്താന്‍ കഴിയാതെപോയ പ്രതിഭ; ഡോ. കലാമിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമമര്‍പ്പിച്ച് രാജ്യം

mv jayarajan, asianet,
കൊച്ചി: ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ എപിജെ അബ്ദുള്‍കലാമിന്റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം. ജൂലൈ 27ന്‌ ഡോ. എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുന്നു. പ്രതിഭാധനനായ ശാസ്ത്രജ്ഞനില്‍ നിന്നും ഭാരതത്തിന്റെ പ്രഥമ പൗരനായി വളര്‍ന്ന അബ്ദുള്‍ കലാമിന്റെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ് രാഷ്ട്രം. അവുല്‍ പക്കീര്‍ ജൈനലബ്ദീന്‍ അബ്ദുള്‍ കലാമെന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം ഇല്ലായ്മകളെ അഗ്‌നിച്ചിറകുകളാല്‍ കീഴടക്കിയ വിജയഗാഥയായിരുന്നു.1931ല്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച കലാം മിസൈല്‍മാനായതും രാഷ്ട്രപതിയായതിനും പിന്നില്‍ ലാളിത്യത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും കഥയുണ്ട്. രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ പാക്ഷി ലക്ഷ്മണ ശാസ്ത്രിയും പിതാവായ ജൈനലബ്ദീനും തമ്മിലുള്ള സൗഹൃദത്തില്‍നിന്ന് മതമൈത്രിയുടെ ഇഴയടുപ്പം ചെറുപ്രായത്തിലേ തൊട്ടറിഞ്ഞു. പത്രം വിതരണം ചെയ്തും കക്ക പെറുക്കിയും നടന്ന പ്രഭാതങ്ങളില്‍ നിന്ന് ജീവിതത്തേയും. പിന്നീട് സതീഷ് ധവാനില്‍ നിന്നും വിക്രം സാരാഭായിയില്‍ നിന്നും ബഹിരാകാശത്തിന്റെ അനന്ത വിസ്മയങ്ങളേയും അടുത്തറിഞ്ഞു. ബഹിരാകാശ പഠനത്തിന് ശേഷം ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. ഭാരതത്തിന്റെ മിസൈല്‍ മാന്‍ എന്ന വിശേഷണത്തിന് പിന്നില്‍ നേട്ടങ്ങളുടെ നീണ്ട പട്ടിക. 2002ല്‍ പ്രഥമപൗരനായി. രാഷ്ടപതി ഭവന്റെ ഔപചാരികതകള്‍ക്കപ്പുറം ജനകീയനായി. 2007ല്‍ സ്ഥാനമൊഴിഞ്ഞ ശേഷം അധ്യാപനത്തിലും പ്രസംഗത്തിലും എഴുത്തിലും മുഴുകി. മരണം ആകസ്മികമായി കടന്നുവന്നതും അത്തരത്തിലൊരു വേദിയില്‍ വെച്ചായിരുന്നു. ഷില്ലോങ്ങില്‍ ഒരു പ്രഭാഷണ പരിപാടിയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. 1997ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന. പത്മഭൂഷണ്‍(1981), പത്മവിഭൂഷണ്‍( 1990), ദേശീയ ഉദ്ഗ്രഥനത്തിനുളള ഇന്ദിരാഗാന്ധി പുരസ്‌കാരം (1997), വീര്‍ സവര്‍ക്കര്‍, രാമാനുജന്‍ പുരസ്‌കാരങ്ങള്‍, കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ വോണ്‍ കാര്‍മല്‍ വിങ്സ് പുരസ്‌കാരം. വിദേശത്തുനിന്നുള്‍പ്പെടെ 40 സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് ബിരുദവും ലഭിച്ചു. ആത്മകഥയായ 'അഗ്‌നിച്ചിറകുകള്‍' അടക്കം പത്ത് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'അഗ്‌നിച്ചിറകുകള്‍' 1999-ല്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലൂടെ അതിവേഗം നടന്നുപോയ, ഇന്ത്യയുടെ സുശോഭനമായ ഭാവിയെപ്പറ്റി മറ്റാര്‍ക്കും സാധ്യമാകാത്ത സ്വപ്നങ്ങള്‍ കണ്ട അസാധാരണ പ്രതിഭാശാലി എന്നാണ് ചരിത്രം ഡോ. കലാമിനെ വിലയിരുത്തുക. ആര്‍ക്കും അത്രവേഗം നടന്ന് ഒപ്പമെത്താന്‍ കഴിയാതെപോയ ഒരാള്‍! എല്ലാ തിരമാലകളെയും മുറിച്ചുകടന്നു ഞാനെന്റെ ലക്ഷ്യം നേടിയിരിക്കുന്നു. എന്റെ ദൗത്യവും പൂര്‍ത്തിയായി' എന്ന് ഒരിക്കല്‍ കവിതയില്‍ എഴുതിയ ഡോ. കലാമിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ കാലത്തിന്റെ തിരകള്‍ നമിക്കുകയാണിപ്പോള്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)