വിടരും മുമ്പേ കൊഴിഞ്ഞ പൂവായി രാജലക്ഷ്മി; സാഹിത്യ ലോകത്തെ ഞെട്ടിച്ച ആത്മഹത്യ

life, relationships
ജനുവരി 18, ഒരു ഓര്‍മ്മപ്പെടുത്തലാണ്, അരനൂറ്റാണ്ടു മുമ്പ് കൊഴിഞ്ഞുപോയ ഒരു പൂവിനെക്കുറിച്ചുള്ള നോവിന്റെ ഓര്‍മ്മകളാണ്. അതെ എപ്പോഴോ മലയാളി മറവിയിലേക്ക് തള്ളിവിട്ട രാജലക്ഷ്മിയെന്ന കഥാകാരിയിലേക്കാണ് നമ്മളെത്തുക. സാഹിത്യലോകത്തെ ഞെട്ടിച്ച ആത്മഹത്യ, എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യ. സര്‍ഗാത്മകത എഴുത്തുകാരിയെ ധര്‍മ്മസങ്കടത്തിന്റെ ബലിപീഠത്തില്‍ എത്തിക്കുകയായിരുന്നു. ഒടുവില്‍ ജീവിക്കാനാകാതെ വന്നപ്പോള്‍ മരണം കൊണ്ടു സമൂഹത്തോടു കണക്കു ചോദിച്ച് ജീവന്‍ ഹോമിക്കുകയായിരുന്നു ആ യുവ പ്രതിഭ. പ്രതിഭാശാലിയായ ഒരു യുവഎഴുത്തുകാരി കഥകളും നോവലുകളും എഴുതിയതിന്റെ പേരിലുള്ള ഭീഷണികളെത്തുടര്‍ന്ന് ജീവന്‍ ത്യജിച്ചുവെന്നതാണ് രാജലക്ഷ്മിയുടെ ആത്മഹത്യയെ സാഹിത്യചരിത്രത്തിന്റെ ഭാഗമാക്കുന്നത്. പെണ്ണെഴുത്തിന്റെയും ആണെഴുത്തിന്റെയും ആധുനികകാലത്ത് സ്വന്തം ജീവിതത്തെ തുറന്ന പുസ്തകമാക്കിയ എഴുത്തുകാരിയായി രാജലക്ഷ്മി മാറുകയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ തേക്കത്ത് അമയങ്കോട്ട് തറവാട്ടില്‍ മാരാത്ത് അച്യുതമേനോന്റെയും ടിഎ കുട്ടിമാളു അമ്മയുടെയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. മഹാരാജാസ് കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദംനേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദത്തിനു ചേര്‍ന്നുവെങ്കിലും പഠനം പാതിയില്‍ നിറുത്തി. പിന്നീട് രാജലക്ഷ്മി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് 1953ല്‍ ഭൗതികശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എന്‍എസ്എസ് കോളേജുകളില്‍ അധ്യാപികയായി ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ അധ്യാപികയായിരുന്ന രാജലക്ഷ്‌ക്ക് കഥകളെഴുതാന്‍ പാരമ്പര്യത്തിന്റെ രാജവീഥി ഉണ്ടായിരുന്നില്ല. രാജലക്ഷ്മി പതുക്കെ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് വന്നവര്‍ ഉറക്കെ പറയുകയായിരുന്നു. 1956ല്‍ മാതൃഭൂമി ആഴ്ച്പ്പതിപ്പ് പ്രസിദ്ധീകരിച്ച മകള്‍ എന്ന നീണ്ടകഥയിലൂടെയാണ് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കവിതകളിലൂടെയും കഥകളിലൂടെയും രണ്ടു നോവലുകളും എഴുതി പ്രസിദ്ധീകരിച്ച രാജലക്ഷ്മി ഗുരുതരമായ ഒരു ആരോപണം നേരിട്ടു. പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അനുഭവങ്ങള്‍ കഥയാക്കുന്നുവെന്ന്. പലരുടെയും കുടുംബജീവിതത്തിന്റെ ശാന്തി നശിപ്പിക്കുന്നുവെന്ന്. നിരന്തരമായി ഇക്കാര്യം പറഞ്ഞു കത്തുകള്‍ അവരെത്തേടിയെത്തി. പത്തുവര്‍ഷത്തോളം നീണ്ട സര്‍ഗജീവിതത്തിലെ ആരോപണത്തിന്റെ വേദന രാജലക്ഷ്മിയെ വേട്ടയാടി. 1958ല്‍ ഒരു വഴിയും കുറേ നിഴലുകളും എന്ന നോവല്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960ല്‍ ഉച്ചവെയിലും ഇളംനിലാവും എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ബന്ധുക്കളുടെ ആക്ഷേപം കാരണം നോവല്‍ നിര്‍ത്തിവെച്ചു. നിശ്ശബ്ദമായ സഹനത്തിനൊടുവില്‍ ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവല്‍ അവര്‍ പാതിവഴിയില്‍ പിന്‍വലിച്ചു. എഴുതിയ നോവല്‍ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1960ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ 'ഒരു വഴിയും കുറേ നിഴലുകളും' എന്ന നോവല്‍ സ്‌നേഹത്തിന് വേണ്ടിയുള്ള ഒരു സ്ത്രീയുടെ അന്വേഷണങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരേ വഴിയിലൂടെ തന്നെ നടക്കേണ്ടി വരുന്ന സ്ത്രീ ജീവിതത്തിന്റെ പരിമിതിയെ നോവല്‍ പ്രശ്‌നവല്‍ക്കരിക്കുകയാണ്. ജീവിതം തന്നെ രചനക്കുള്ള ഉപാധിയാക്കിക്കൊണ്ടു അവര്‍ നടത്തിയ പരിശ്രമങ്ങള്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുത്തുവാന്‍ കാരണമായി. തന്റെ കഥാപാത്രങ്ങളുടെ പൂര്‍ണതപോലെ, വാക്യം പൂര്‍ണമാക്കാന്‍ വിരാമചിഹ്നം വേണമെന്നത് പോലെ രാജലക്ഷ്മിയുടെ കഥാപാത്രങ്ങള്‍ പൂര്‍ണരാവുന്നത് മരണത്തിലൂടെയാണ്. അതുകൊണ്ടായിരിക്കാം വിഷാദത്തിന്റെ കണ്ണാടിയില്‍ മുഖം നോക്കി അല്ലെങ്കിലും ജീവിതത്തിന്റെ പൂര്‍ണതയിലേക്ക് രാജലക്ഷ്മിയും നടന്നത്. ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ സ്വന്തം സൃഷ്ടികളെ അഗ്‌നിക്കിരയാക്കിയതുപോലെ എഴുത്തുകാരി സ്വന്തം ജീവനും ഹോമിച്ചു. ജീവിച്ചിരുന്നാല്‍ ഇനിയും എഴുതും. എഴുതിയാല്‍ പലരുടെയും സ്വസ്ഥത നശിക്കും. എഴുതാതെ ജീവിക്കാനുമാവില്ല. ജീവിതം അവസാനിപ്പിക്കാന്‍ എഴുത്തുകാരി കണ്ടെത്തിയ കാരണം അതായിരുന്നു അതുമാത്രം...

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News