ഇബലീസ്; യാഥാര്‍ഥ്യം തമാശയാകുന്ന മായാ കാഴ്ചകളുടെ വസന്തം

ibilis


നിധിന്‍ നാഥ്

മരണം ആഘോഷമാക്കുന്നവരുടെ നാട്, മരണത്തിനപ്പുറമുള്ള സംഭവവികാസങ്ങള്‍ ഇങ്ങനെ നമുക്ക് പരിചിതമല്ലാത്ത ഒരു ഇടത്തേക്കാണ് ഇബലീസിലൂടെ രോഹിത് പ്രേക്ഷകനെ കൊണ്ട് പോകുന്നത്. മലയാള സിനിമ പ്രേക്ഷകരുടെ യുക്തിയില്‍ നില്‍ക്കാത്ത ഒരു വിഷയമാണ് അഡ്വവെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടന്‍ എന്ന ശ്രദ്ധേയമായ സിനിമ പരീക്ഷണത്തിന് ശേഷം രോഹിത് ഒരുക്കുന്ന കാഴ്ച.

യാഥാര്‍ത്ഥ്യം ഒരു തമാശയാണെന്നാണ് സിനിമയുടെ ക്യാപ്ഷന്‍. ഇതില്‍ നിന്ന് തന്നെ സിനിമയുടെ ശൈലി വ്യക്തമാക്കുന്നുണ്ട്. പുറത്ത് വന്ന സിനിമയുടെ പോസ്റ്ററും പാട്ടുകളുമെല്ലാം തന്നെ സിനിമയുടെ പരിചരണ രീതിയെ കുറിച്ചുള്ള ദിശാസൂചനയും നല്‍കുന്നു. സിനിമയുടെ അണിയറക്കാര്‍ പറഞ്ഞ സിനിമയുടെ രീതികളോട് നീതി പുലര്‍ത്തുന്ന ഇബലീസ് എല്ലാ തരം പ്രേക്ഷകര്‍ക്കും സിനിമ ഇഷ്ടപ്പെടണമെന്നില്ലെന്ന മുഖവര നേരത്തെ തന്നെ സംവിധായകന്‍ നല്‍കിയിരുന്നു.

മാറുന്ന മലയാള സിനിമ പ്രേക്ഷകരുടെ കാഴ്ച ശീലത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ ഇബലീസ് എത്തുന്നത്. മലയാള സിനിമയുടെ സ്ഥിരം ഫോര്‍മാറ്റിനെ മാറ്റി നിര്‍ത്തി കൊണ്ട് നടത്തുന്ന ധീരമായ സിനിമ ഇടപെടലാണ് അതിനാല്‍ തന്നെ രോഹിതിന്റെ ഇബലീസ്. മികച്ച രീതിയിലുള്ള അവതരണ ശൈലിയാണ് സിനിമയുടെ മികവ്. സിനിമ ആവശ്യപ്പെടുന്ന തരത്തിലേക്ക് വസ്ത്രങ്ങള്‍ മുതല്‍ പശ്ചാത്തല സംഗീതവും ക്യാമറയുമെല്ലാം ഉയരുകയും ചെയ്തിട്ടുണ്ട്. നല്ല ഹോം വര്‍ക്ക് നടത്തിയാണ് ഇബലീസ് ഒരുക്കിയിരിക്കുന്നതെന്ന് ഈ കാഴ്ചകളെല്ലാം സാക്ഷ്യപ്പെടുത്തുന്നു.


ആസിഫ് അലിയുടെ വൈശാഖന്‍ തന്റെ മുത്തച്ഛന്‍ കഥാപാത്രമായ ലാലിനോട് ചോദിക്കുന്നുണ്ട്- നമ്മള്‍ മരിച്ചാല്‍ പിന്നെ എന്താണ് സംഭവിക്കുയെന്ന് ഈ നിഷ്‌കളങ്കമായ ചോദ്യത്തില്‍ നിന്നാണ് ഇബലീസിന്റെ കഥാവികസനം. മരണത്തില്‍ ദുഖിക്കാത്തവരുടെ നാടാണ് സിനിമയുടെ ഇതിവൃത്തം. ഒരാള്‍ മരിച്ചാല്‍ അതിനെ ഒരു കാര്‍ണിവല്‍ പോലെ ആഘോഷിക്കുന്ന ഒരു ജനത. മധുര പലഹാരങ്ങള്‍ നല്‍കിയും ഒത്തൊരുമിച്ച് ഇരുന്നും ഇവര്‍ മരണത്തിനെ ആഘോഷമാക്കുകയാണ്. ഇങ്ങനെയൊരു നാടിനെ പരിചയപ്പെടുത്തുകയാണ് സിനിമയുടെ ആദ്യ പകുതി. ചിലയിടത് ഉണ്ടാവുന്ന പോരായ്മകളെ സിനിമ പരീക്ഷണത്തിന്റെ മെറിറ്റില്‍ മറന്ന് കളയാവുന്നതാണ്.

മരിച്ചവരുടേത് കൂടിയാണ് ആ നാട്, എന്ന തിരിച്ചറിവില്‍ നിന്നാണ് പിന്നീടുള്ള സിനിമയുടെ മുന്നോട്ട് പോക്ക്. ഇതിലൂടെ സിനിമ മാജിക്കല്‍ റിയലിസത്തിന്റെ ഭംഗിയായ ആഖ്യാനം നടത്തുന്നത്. മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒരേ സമയം ഭാഗമാക്കിയാണ് പിന്നെ സിനിമയുടെ മുന്നോട്ട് പോക്ക്. ഇങ്ങനെ രസകരമായ ത്രെഡില്‍ നിന്ന് വരുന്ന സിനിമയിലെ കോമഡിരംഗങ്ങളും പ്രണയവുമെല്ലാം തന്നെ കാഴ്ച അനുഭവത്തിന് മാറ്റ് കൂട്ടുന്നു.

മഡോണ സെബാസ്റ്റിന്‍ അവതരിപ്പിക്കുന്ന ഫിദയും ആസിഫ് അലി അവതരിപ്പിക്കുന്ന വൈശാഖനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന ഇബലീസ്. മരിച്ച വൈശാഖനും ജീവിച്ചിരിക്കുന്ന ഫിദയും തമ്മിലുള്ള പ്രണയം, മുത്തച്ഛന്റെ സര്‍കിട്ട് പോകാനുള്ള ആഗ്രഹം, ഇതിനിടയില്‍ തിരിച്ചറിയാതെ കിടക്കുന്ന പ്രണയം ഇങ്ങനെ പല കഥാപാത്രങ്ങളുടെ പല തലങ്ങളുടേത് കൂടിയാണ് സിനിമ.

ഒരു ഫാന്റസി കഥയിലെ രാജകുമാരിയെ പോലെയുള്ള കഥാപാത്ര സൃഷ്ടിയുടെ കാഴ്ചയില്‍ സുന്ദരമാണ് ഫിദ. അതിനപ്പുറം അഭിനയ സാധ്യതകളൊന്നും തന്നെയില്ലാത്തതിനാല്‍ ഫിദയെ മറഡോണ സുരക്ഷിതമാക്കിയിട്ടുണ്ട്. നന്മ നിറഞ്ഞ നിഷ്‌കളങ്കമായ വൈശാഖന്‍ അസിഫ് അലിയുടെ കഥാപാത്ര തെരഞ്ഞെടുപ്പുകളിലെ ക്ലീഷേ കാഴ്ച തന്നെയാണ്. പഴയ സിനിമകളുടെ സാദൃശ്യം നിറഞ്ഞ് നില്‍ക്കുന്നുണ്ട് വൈശാഖനില്‍. പക്ഷെ ഇങ്ങനെയൊരു പരീക്ഷണത്തിന്റെ ഭാഗമാവാന്‍ കാണിച്ച നടന്‍ എന്ന നിലയിലുള്ള തെരഞ്ഞെടുപ്പ് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

സിനിമയുടെ മൂഡിന് അനുസരിച്ചുള്ള സംഗീതവും കാഴ്ചകളുമെല്ലാമായി ഇബലീസ് പിന്തുണ നല്‍കേണ്ട സിനിമ ഇടപെടലായി മാറുന്നു. മലയാള സിനിമയില്‍ സ്ത്രീവിരുദ്ധ സംഭാഷങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കുത്തി നിറച്ച് ഇതാണ് കോമഡിയെന്ന് മാര്‍ക്കറ്റ് ചെയ്തിരുന്നത് കാണാന്‍ വിധിക്കപ്പെട്ടവരായിരുന്നു മലയാള സിനിമ പ്രേക്ഷകന്‍. അതില്‍ നിന്ന് വലിയ രീതിയില്‍ നവ സിനിമകളുടെ വരവില്‍ മോക്ഷം പ്രേക്ഷകന് കിട്ടിയിട്ടുണ്ട്. മലയാള സിനിമ പ്രേക്ഷകന്‍ പഴയ പോലെ സൂപ്പര്‍ സ്റ്റാറുകളുടെ കച്ചവട സിനിമയുടെ മനം മടിപ്പിക്കുന്ന മുഷിപ്പിക്കലിനോട് കടക്ക് പുറത്തെന്ന് പറയാന്‍ പഠിച്ചുവെന്നാണ് സമീപക്കാല സിനിമ സ്വീകരണങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഇതിനൊപ്പം തന്നെ നല്ല സിനിമകളെ മലയാളി സ്വീകരിക്കാന്‍ തുടങ്ങിയോയെന്ന വിഷയത്തിന്റെ ലിറ്റ്മസ് ടെസ്റ്റായിട്ടാണ് ഇബലീസിനെ കാണാന്‍ കഴിയുകയെന്നാണ് തോന്നുന്നത്.

സ്ഥിരം ഫോര്‍മുലകള്‍ ഒഴുവാക്കി ഒരുക്കിയ ഇബലീസ് പോലെയുള്ള നല്ല സിനിമ ശ്രങ്ങള്‍ സ്വീകരിക്കപ്പെട്ടാല്‍ മാത്രമാണ് മലയാളിക്ക് ഇനിയും ഇത്തരം സിനിമ അഡ്വവെഞ്ചറുകളുടെ കാഴ്ചകള്‍ ലഭിക്കുവെന്ന് ഉറപ്പ്. അന്യ ഭാഷാ സിനിമകള്‍ നോക്കി എന്നാണ് ഇങ്ങനെയൊരു സിനിമ നമ്മുടെ ഭാഷയില്‍ ലഭിക്കുകയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ പിന്തുണ കൊടുക്കേണ്ട സിനിമയാണ് ഇബലീസ്.
ഫോര്‍മുല സിനിമകള്‍ക്ക് കീഴടങ്ങാത്ത രോഹിത്തിനെ പോലെയുള്ളവരുടെ ഇബലീസ് കാഴ്ചകള്‍ക്ക് ടോറന്റിലും ടെലിഗ്രാമിലും എത്തിയ ശേഷം നല്‍കുന്ന സ്വീകരണ സ്വഭാവത്തില്‍ മാറ്റം വരണം. തിയ്യേറ്ററില്‍ തന്നെ പിന്തുണ നല്‍കണം.

റേറ്റിംഗ് 3/5

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)