വിര്‍ജിനിയ : മുന്‍ ഭര്‍ത്താവും ഹോളിവുഡ് നടനുമായ ജോണി ഡെപ്പിന്റെ ക്രൂരതകള്‍ വിവരിക്കുന്നതിനിടെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് ഹോളിവുഡ് നടി ആംബര്‍ ഹേഡ്. ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണയ്ക്കിടെയാണ് ഡെപ്പിനെതിരെ ലൈംഗിക പീഡനം ഉള്‍പ്പടെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് നടി വികാരാധീനയായത്.
ജോണി ഡെപ്പ് പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുപ്പി ഉപയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയതായും ആംബര്‍ കോടതിയില്‍ മൊഴി നല്‍കി. 2015ല്‍ വിവാഹിതരായി ഒരു മാസം മാത്രം പിന്നിട്ടപ്പോഴാണ് ജോണി തന്നെ കുപ്പി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് മുപ്പത്തിയാറുകാരിയായ നടിയുടെ ആരോപണം. പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ ഓസ്‌ട്രേലിയയില്‍ വെച്ചായിരുന്നു അതിക്രമം. നന്നായി മദ്യപിച്ചിരുന്ന ഡെപ് വീട്ടില്‍ വെച്ച് തന്റെ നേരെ ബോട്ടിലുകള്‍ വലിച്ചെറിയുകയും നിശാവസ്ത്രം വലിച്ചു കീറുകയും ചെയ്തുവെന്നും പിന്നീട് ടെന്നീസ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് ബോട്ടില്‍ ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആംബര്‍ കോടതിയെ അറിയിച്ചു.
“ഡെപ്പുമായുള്ള തര്‍ക്കത്തിനിടെ ഞാന്‍ കുപ്പി നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഇതില്‍ കുപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് എനിക്ക് നേരെ എറിഞ്ഞു. ഭാഗ്യവശാല്‍ അത് ദേഹത്ത് കൊണ്ടില്ല. ഇതിനിടെ ഒരു കുപ്പിയെടുത്ത് കഴുത്തിന് നേരെ പിടിച്ച് എന്റെ മുഖം വികൃതമാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ അയാളുടെ ജീവിതം നശിപ്പിച്ചെന്ന് അലറി വിളിച്ചായിരുന്നു പരാക്രമം”. ആംബര്‍ പറഞ്ഞു.
ഇതിന് ശേഷം ഒരു തവണ വിമാനയാത്രയ്ക്കിടെയും ഡെപ്പില്‍ നിന്ന് അതിക്രമമുണ്ടായെന്നും അന്ന് ഡെപ്പിന്റെ സെക്യൂരിറ്റി സ്റ്റാഫടക്കം കൂടെയുണ്ടായിരുന്ന ആരും തന്നെ ഒരക്ഷരം മിണ്ടിയില്ലെന്നും ആംബര്‍ വെളിപ്പെടുത്തി. സഹനടനായ ജെയിംസ് ഫ്രാങ്കോയുമായും മറ്റ് പലരുമായും തനിക്ക് രഹസ്യബന്ധമുണ്ടെന്നാരോപിച്ചും ഡെപ്പ് നിരവധി തവണ ഉപദ്രവിച്ചിട്ടുണ്ടെന്ന് ആംബര്‍ കോടതിയെ അറിയിച്ചു.
2015ല്‍ വിവാഹിതരായ ആംബറും ജോണിയും 2018ലാണ് വേര്‍പിരിയുന്നത്. 2018ല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ താന്‍ ഗാര്‍ഹിക പീഡനത്തിനിരയായതായി ആംബര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോണി ഡെപ്പ് കോടതിയെ സമീപിച്ചു. ലേഖനത്തില്‍ ഡെപ്പിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ആരോപണം മാനഹാനിക്ക് കാരണമായെന്നും സാമ്പത്തിക നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ആംബര്‍ കള്ളം പറയുകയാണ് എന്നായിരുന്നു ഡെപ്പിന്റെ പ്രധാന വാദം. പിന്നാലെ ഡെപ്പിനെതിരെ പരാതിയുമായി ആംബറും രംഗത്തെത്തുകയായിരുന്നു.