ലോസ് ആഞ്ചലസ് : പിതാവ് ജെയ്മി സ്പിയേഴ്‌സുമായുള്ള കേസില്‍ സ്വന്തം വക്കീലിനെ തീരുമാനിക്കാമെന്ന് പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിനോട് കോടതി. 2008മുതല്‍ താന്‍ പിതാവിന്റെ തടങ്കലിലാണെന്നും സ്വത്ത് മുഴുവന്‍ പിതാവ് കയ്യടക്കി വച്ചിരിക്കുകയാണെന്നും കാട്ടി ബ്രിട്ട്‌നി സമര്‍പ്പിച്ച കേസിലാണ് പുതിയ വഴിത്തിരിവ്.
തന്റെയും തന്റെ സ്വത്തുക്കളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ബ്രിട്ട്‌നി കോടതിയെ സമീപിച്ചത്. താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ തനിക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്‌നി കോടതിയില്‍ പറഞ്ഞു.തനിക്ക് സ്വന്തമായി ഒന്നും തന്നെ ചെയ്യാന്‍ സ്വാതന്ത്യമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ അവകാശങ്ങളില്ലെന്നുമുള്‍പ്പടെ ഗുരുതരമായ വാദങ്ങളായിരുന്നു ബ്രിട്ട്‌നി ഉയര്‍ത്തിയത്. കേസിലെ വാദം കുറച്ചുനാളായി നടക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്ട്‌നി കോടതിയില്‍ സംസാരിച്ചത്.
“എന്റെ വീട്ടില്‍ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാന്‍ പോലും എനിക്ക് അനുവാദമില്ല. രക്ഷാകര്‍തൃത്വത്തിന്റെ പേരില്‍ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല.” ബ്രിട്ട്‌നി പറഞ്ഞു.ഗായികയുടെ മാനസിക തകരാറിലായത് കൊണ്ടാണ് സ്വത്തുക്കളുടെ അവകാശം ഏറ്റെടുത്തിരിക്കുന്നതെന്നാണ് ജെയ്മിയുടെ വാദം.മറവിരോഗമോ മാനസികാരോഗ്യപ്രശ്‌നങ്ങളോ നേരിടുന്ന വ്യക്തികള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് തെളിഞ്ഞാല്‍ കോടതി അനുവദിക്കുന്നതാണ് രക്ഷാകര്‍തൃ ഭരണം.
Discussion about this post