പകല്‍ ജോലി സമയത്ത് ചെറുമയക്കം പതിവാക്കുന്നവരെ കണ്ടാല്‍ കളിയാക്കുന്നവരാണ് പലരും. എന്നാല്‍ സൂക്ഷിച്ചോളൂ, യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാല ഗവേഷകര്‍ പറയുന്നത് ചെറിയ മയക്കം വളരെ നല്ലതാണെന്നാണ്. പകല്‍ ചെറുതായെങ്കിലും ഒന്ന് മയങ്ങിയാല്‍ ജോലിയുടെ മികവ് കൂട്ടാനും ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ പോലും അനായാസം തീരുമാനമെടുക്കാനും സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
പല പ്രായത്തിലുള്ള ആരോഗ്യവാന്മാരായ പതിനാറുപേരെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു. രണ്ടു ടാസ്‌കുകള്‍ ഇവര്‍ക്കു നല്‍കി. സ്‌ക്രീനില്‍ ചുവപ്പും നീലയും ചതുരങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. ഉണര്‍ന്നിരിക്കുമ്പോളും 90 മിനിറ്റ് ഉറങ്ങിയ ശേഷവും ടാസ്‌ക് ചെയ്തു. ഉറക്കത്തിനു മുന്‍പും ശേഷവുമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇലക്ട്രോ എന്‍സെഫലോഗ്രാം (EEG) ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്തു.
ഉറങ്ങുമ്പോള്‍ വിവരങ്ങളെ തലച്ചോര്‍ വളരെവേഗം പ്രോസസ് ചെയ്യുന്നതായി കണ്ടു. ഉറങ്ങുന്ന സമയത്ത് അറിവു വര്‍ധിക്കുമെന്നും വിവരങ്ങളെ ഓര്‍മിച്ചെടുക്കാനുള്ള കഴിവു കൂടുമെന്നും തെളിഞ്ഞിട്ടുള്ളതാണ്. ഉണര്‍ന്നിരിക്കുന്ന സമയത്ത് നാം ആര്‍ജ്ജിക്കുന്ന വിവരം ഉറങ്ങുന്ന സമയത്ത് പ്രോസസ് ചെയ്യപ്പെടുന്നതായി സ്ലീപ്പ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിക്കുന്നു. ചെറുമയക്കങ്ങള്‍ നമ്മുടെ പ്രതികരണങ്ങളെയും മെച്ചപ്പെടുത്തുകയും കൂടൂതല്‍ ഉന്മേഷം പകരുകയും ചെയ്യുന്നു. അപ്പോള്‍ ഇനി ഓഫീസിലാണെങ്കിലും ഒന്ന് ചെയ്‌റുതായി മയങ്ങിയാലോ?