വസ്ത്രങ്ങളാല്‍ മൂടപ്പെടാത്ത ഭാഗങ്ങളിലാണ് പൊള്ളല്‍ പ്രധാനമായും ഉണ്ടാവുന്നത്, കയ്യുകള്‍, മണിബന്ധം, തല എന്നിവിടങ്ങളില്‍. ആവി, ചൂടുവെള്ളം, എണ്ണ, കൊഴുപ്പ്, മറ്റു ചൂടുള്ള ദ്രാവകങ്ങള്‍ എന്നിവയാലും പൊള്ളല്‍ ഉണ്ടാവാം.
പൊള്ളല്‍ എങ്ങനെ ഉണ്ടായാലും അത് തൊലിയില്‍ ഉണ്ടാക്കുന്ന ഫലം ഏറെക്കൂറെ ഒന്നുതന്നെ. പൊള്ളല്‍ ലളിതമെങ്കില്‍ തൊലി ചുമന്നു തുടുക്കാം, അല്‍പം കൂടി കഠിനമെങ്കില്‍ നീരുവന്ന് വീര്‍ക്കാം, പൊള്ളല്‍ കൂടുതല്‍ തീഷ്ണമാണെങ്കില്‍ പേശികള്‍ തന്നെ നശിച്ചു പോയി എന്നും വരാം.
വീടുകളിലാണ് പൊള്ളല്‍ കൂടുതലും സംഭവിക്കുന്നത്. അതും അടുക്കളകളില്‍. അതുകൊണ്ട് ചികിത്സക്കു പറ്റിയ സ്ഥലവും അതു തന്നെ.
ഒഴിവാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍
വെണ്ണ, മാവ്, ബേക്കിംഗ് സോഡാ എന്നിവ പുരട്ടരുത്.
എണ്ണ, ഓയിന്‍മെന്റ്, ലോഷന്‍ എന്നിവ ചികിത്സക്കായി പുരട്ടരുത്.
നീരുവന്ന് വീര്‍ത്തിട്ടുണ്ടെങ്കില്‍ അത് പൊട്ടിക്കരുത്.
അത്യാവശ്യ സന്ദര്‍ഭത്തില്‍ അല്ലാതെ പൊള്ളിയ ഭാഗത്തില്‍ തൊടരുത.
ശരീരത്തില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള തുണിയും മറ്റും ഇളക്കി മാറ്റാന്‍ ശ്രമിക്കരുത്.
പൊതുവായ ചികിത്സ
ചില പ്രത്യേക തരം പൊള്ളലുകള്‍ ഒഴികെ മറ്റു പൊള്ളലുകള്‍ക്കെല്ലാം ഒരേ തരത്തിലുള്ള ചികിത്സയാണ് നല്‍കുക. ആദ്യമായി പൊള്ളല്‍ എത്രത്തോളം സംഭവിച്ചിട്ടുണ്ടെന്ന് നോക്കി മനസ്സിലാക്കുക.
അയാളെ സാന്ത്വനിപ്പിക്കയും ധൈര്യം നല്‍കുകയുമാണ് ആദ്യം വേണ്ടത്. ഒപ്പം തന്നെ ആദ്യം വേഗത്തില്‍ വേണ്ട ചികിത്സാ നടപടികള്‍ നിങ്ങള്‍ സ്വീകരിക്കണം.
ചര്‍മ്മവും പേശികളും പൊള്ളിയാല്‍, അപകടകരമായ വിധം ശരീരദ്രവം നഷ്ടപ്പെടാന്‍ ഇടയുണ്ട്. പൊള്ളിയ പേശികള്‍ താപം ശേഖരിക്കയും അത് അടുത്തുള്ള കൂടുതല്‍ പേശികളെ നശിപ്പിക്കാനും വേദന തുടരാനും കാരണമാവും. അതിനാല്‍ പ്രഥമ ചികിത്സയുടെ ആദ്യ ലക്ഷ്യം പേശികളില്‍ സംഭരിച്ചിരിക്കുന്ന താപം അടിയന്തിരമായി ഒഴിവാക്കുക എന്നതാണ്. പ്രഥമ ചികിത്സയിലൂടെ കേടുവന്ന പേശികളിലെ താപം കുറക്കാന്‍ കഴിയണം.
പരിചരണം
അപകടത്തില്‍പ്പെട്ട ഭാഗം തണുത്ത വെള്ളത്തില്‍ മുക്കുക. പൊള്ളിയ ഭാഗം തണുത്ത വെള്ളത്തില്‍ പതിനഞ്ചു മിനിറ്റോളമോ അല്ലെങ്കില്‍ വേദന നിലയ്ക്കുന്നതു വരെയോ മുക്കി വെയ്ക്കണം.
പൊള്ളിയത് വെള്ളത്തില്‍ മുക്കി വെയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗത്താണെങ്കില്‍, ശുദ്ധവും മൃദുവുമായ തുണി മടക്കി പാളിയാക്കി അത് തണുത്തവെള്ളത്തില്‍ മുക്കി ക്ഷതമേറ്റ ഭാഗത്തില്‍ വെയ്ക്കണം. ഇടയ്ക്കിടെ ആ പാളി എടുത്ത് തണുത്ത വെള്ളത്തില്‍ വീണ്ടും മുക്കി വെക്കാന്‍ മറക്കരുത്. പക്ഷേ പൊള്ളലില്‍ തുണി ഉരയാതെ ശ്രദ്ധിക്കണം.
ക്ഷതം ഉണ്ടായാല്‍ എത്രയും വേഗം മോതിരം, ഷൂസ്സ് തുടങ്ങിയ ഇറുകി കിടക്കുന്ന വസ്തുക്കള്‍ ഊരി മാറ്റണം. കാരണം അധികം താമസിയാതെ അവിടം നീര് വന്നു വീര്‍ക്കാനും തുടര്‍ന്ന് ഇവ ഊരി മാറ്റാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.
വേദന നിന്നു കഴിഞ്ഞാല്‍ പുറമേക്കു മാത്രമുള്ള ചെറിയ പൊള്ളലുകള്‍ തുണികൊണ്ട് ഒപ്പി ഉണക്കുകയും, അണുമുക്തമായ തുണികൊണ്ട് പൊതിയുകയും ചെയ്യണം. വലുതും ആഴത്തിലുള്ളതുമായ പൊള്ളലുകള്‍, വെള്ളത്തില്‍ നിന്നും ഏടുത്ത ശേഷം, ശുദ്ധവും അടുത്തിടെ അലക്കിയതും നാരുകള്‍ ഇല്ലാത്തതും കനം കുറഞ്ഞതുമായ തുണികൊണ്ട് പൊതിയണം (ശുദ്ധമായ ഒരു തലയണ ഉറ കൈ കാലുകള്‍ക്ക് പറ്റിയതാണ്) ഡോക്ടറെ വരുത്താനോ ആശുപത്രിയില്‍ എത്തിക്കാനോ വേണ്ടതു ചെയ്യുക.
ഒരു സ്റ്റാമ്പിനെക്കാള്‍ വലിപ്പമുള്ള ഏതു പൊള്ളലും, തണുപ്പിക്കല്‍ പ്രക്രീയക്കു ശേഷം, ഡോക്ടറുടെ പരിശോധനക്ക് വിധേയമാക്കണം. വലിയൊരു ഭാഗം പൊള്ളുകയും, ആശുപത്രി ചികിത്സ ആവശ്യമാവുകയും ചെയ്താല്‍, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്ഷതം തണുപ്പിക്കാനായി ഒരു ടൗവ്വലില്‍ മഞ്ഞുകട്ട പൊതിഞ്ഞ് കൊണ്ടു പോകണം പൊള്ളിയ പേശിഭാഗം പൊതിഞ്ഞു സൂക്ഷിക്കേണ്ടത് അണുബാധ ഒഴിവാക്കാന്‍ അത്യാവശ്യമാണ്. അങ്ങിനെ മൂടുക വഴി പൊള്ളലേറ്റ ആള്‍ക്ക് അത് ദൃശ്യമല്ലാതാവുകയും അയാളുടെ പരിഭ്രമം കുറയുകയും ചെയ്യും. മേശവിരിയും പുതപ്പും മൂടാന്‍ നല്ലതാണ്.
അവ ഇളകി മാറാതെ നേരിയ തോതില്‍ പിടിപ്പിക്കയും വേണം. ഡോക്ടര്‍ക്കോ ആംബുലന്‍സിനോ വേണ്ടി കാത്തിരിക്കുന്ന വേളയില്‍, പൊള്ളലേറ്റ ആള്‍ക്ക് ധൈര്യവും ആത്മ വിശ്വാസവും നല്‍കണം. കുട്ടികളെ എടുക്കയും തലോടുകയും ചെയ്യാം പക്ഷേ ഇതിനിടയില്‍ എന്തെങ്കിലും കുഴപ്പം വരാതെ ശ്രദ്ധിക്കണം എന്നു മാത്രം.
Discussion about this post