വെറുമൊരു സുഗന്ധവ്യഞ്ജനം മാത്രമല്ല ഗ്രാമ്പു. മറിച്ച് ധാരാളം ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, കാല്‍സ്യം, അയഡിന്‍ തുടങ്ങിയവ വ്യത്യസ്ത അളവില്‍ ഗ്രാമ്പുവില്‍ അടങ്ങിയിട്ടുണ്ട്. ഗ്രാമ്പുവിന്റെ ഉണങ്ങിയ മൊട്ടില്‍ നിന്നും എടുക്കുന്ന ഗ്രാമ്പു തൈലമാണ് ഏറെ ഔഷധപ്രദം.
പല്ല് വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പു. ഗ്രാമ്പുവിന്റെ തൈലം പഞ്ഞിയില്‍ ചാലിച്ച് വേദനയുള്ള പല്ലിന്റെ ഭാഗത്ത് മോണയില്‍ തട്ടാതെ വെച്ചാല്‍ വേദന കുറയും. പലര്‍ക്കുമുളള ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം. വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പു തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിന് ശേഷം വായില്‍ കൊണ്ടാല്‍ ദുര്‍ഗന്ധം മാറും.
തൊണ്ടവേദന മാറാന്‍ ഗ്രാമ്പുതൈലം ചേര്‍ത്തുള്ള ചെറു ചൂടുവെള്ളം തൊണ്ടയില്‍ കൊണ്ടാല്‍ വേദന പൂര്‍ണമായും ശമിക്കും. ഗ്രാമ്പു തൈലം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നത് കഫക്കെട്ട്, ജലദോഷം തുടങ്ങിയവയ്ക്ക് നല്ലതാണ്. ഭക്ഷണശേഷം ഒരു ഗ്രാമ്പു വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. കൂടാതെ വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമായി ഗ്രാമ്പു ഉപയോഗിച്ചാല്‍ മതിയാകും.
മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ് ഗ്രാമ്പു തൈലം. ഗ്രാമ്പു തൈലം തലയോട്ടിയില്‍ പുരട്ടുന്നത് രക്തയോട്ടത്തിന് സഹായിക്കും. അതിനോടൊപ്പം മുടി കൊഴിച്ചിലും കുറയും.
Discussion about this post