നമ്മുടെ മുഖചര്‍മത്തിനു സ്വാഭാവികമായ മൃദുലത നല്‍കുകയും രോഗങ്ങളില്‍നിന്നു സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികള്‍. ഇവ ഉത്പാദിപ്പിക്കുന്ന ‘സെബം’ എന്ന പദാര്‍ഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്. സെബം, സെബേഷ്യസ് ഗ്രന്ഥികളില്‍നിന്നു ചെറിയ കുഴലുകളിലൂടെ ഒഴുകി രോമകൂപങ്ങളിലൂടെ ചര്‍മത്തിന്റെ ഉപരിതലത്തില്‍ എത്താറാണു പതിവ്.
സെബത്തിന്റെ ഒഴുക്കിലുണ്ടാവുന്ന ഏതൊരു തടസവും മുഖക്കുരുവിന് കാരണമാവും. അഡ്രീനല്‍ ഗ്രന്ഥികള്‍, ഓവറി, വൃഷണങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന ആന്‍ഡ്രോജനുകളുടെ പ്രവര്‍ത്തനഫലമായി സെബം ഒഴുകുന്ന കുഴലുകളിലെ കോശങ്ങള്‍ക്കു കട്ടികൂടുകയും അതിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്യുന്നു. മുഖക്കുരുവുള്ള വ്യക്തികളില്‍ ആന്‍ഡ്രോജനുകളുടെ അളവ് രക്തത്തില്‍ കൂടുതലായിരിക്കും.
അതുമാത്രമല്ല, സെബേഷ്യസ് ഗ്രന്ഥികളിലെ ആന്‍ഡ്രോജന്‍ റിസപ്റ്ററുകളുടെ എണ്ണവും കൂടുതലായിരിക്കും, അതുമല്ലെങ്കില്‍ ഗ്രന്ഥികള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആയിരിക്കും. അതായത് വളരെ കുറഞ്ഞ അളവില്‍പ്പോലും ആന്‍ഡ്രോജനുകള്‍ സെബേഷ്യസ് ഗ്രന്ഥികളെ കൂടുതലായി ഉത്തേജിപ്പിക്കും.
കൊഴുപ്പ് കൂടിയ ഭക്ഷണം മുഖക്കുരുവിന് കാരണമാകുമോ?
മുമ്പ് മുഖക്കുരുവിനെപ്പറ്റി ഇത്തരം ഒരു തെറ്റിദ്ധാരണ വ്യാപകമായി നിലവിലുണ്ടായിരുന്നു. എന്നാല്‍ കൊഴുപ്പ് കൂടിയ ഭക്ഷണപദാര്‍ഥങ്ങള്‍ മുഖക്കുരുവിന് കാരണമാവുന്നില്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ മുഖക്കുരുവുള്ളവര്‍ ഒഴിവാക്കേണ്ടതു മധുരപലഹാരങ്ങളാണ്. ഇവ ധാരാളമായി കഴിക്കുന്‌പോള്‍ നമ്മുടെ ശരീരത്തില്‍ 1ജിഎഫ്-1 എന്ന രാസപദാര്‍ഥം ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ സെബം ഒഴുകുന്ന കുഴലുകളിലെ കോശങ്ങളുടെ കട്ടി വര്‍ധിപ്പിക്കുകയും മുഖക്കുരുവിന് കാരണമായിത്തീരുകയും ചെയ്യുന്നു.
Discussion about this post