പലര്‍ക്കും ഇന്ന് ഒരേ ഇരിപ്പിലിരുന്ന് ചെയ്യുന്ന ജോലികളാണ്. ദീര്‍ഘനേരം ഒരേ ഇരിപ്പുതുടരേണ്ടി വരുന്നു. ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കണമെന്ന് അറിഞ്ഞാലും ജോലിക്കിടെ അതിനുള്ള സമയം പോലും കിട്ടാറില്ല. അതിന്റെ ഫലമായി പലരും രോഗകളാവുന്നു. ജോലി സ്ഥലത്ത് ദീര്‍ഘസമയം ഇരിപ്പ് തുടരുന്നവരില്‍ ടൈപ് 2 ഡയബറ്റിസ്, കാന്‍സര്‍ സാധ്യതകള്‍ കൂടുതലാണെന്നാണെന്ന് പുതിയ പഠനം പറയുന്നത്.
ട്രാന്‍സ്ലേഷണല്‍ ബിഹേവിയറല്‍ മെഡിസിന് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരിക്കുന്ന സമയം മാത്രമല്ല ഒരുദിവസം മുഴുവന്‍ ഇരിക്കുന്ന രീതിയും പ്രധാനമാണെന്ന് കാനഡയിലെ വെസ്റ്റേണ്‍ ഒന്റാറിയോ യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് കോര്‍ഡിനേറ്റായ മാഡിസണ്‍ ഹിംസ്ട്രാ പറഞ്ഞു. ഓഫീസ് ജോലിക്കാരിലാണ് ഇത് കൂടുതല്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നതെന്നും മാഡിസണ്‍ പറയുന്നു.
ഇത്തരത്തില്‍ ഇടവേളകളെടുക്കാതെ കൂടുതല്‍ സമയം ഇരിക്കുന്നവരില്‍ ഡയബറ്റിസിനും കാന്സറിനുമൊപ്പം രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
ഓരോ അരമണിക്കൂറോ, മുക്കാല്മണിക്കൂറോ കൂടുമ്പോഴും ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് മൂന്നുനാലുമിനിറ്റ് ഇടവേള എടുപ്പിച്ചായിരുന്നു പഠനം നടത്തിയത്. തുടര്‍ന്ന് നാലാഴ്ചയോളം പരിശോധിച്ചപ്പോഴാണ് ഇടവേളയെടുക്കുന്നത് രോഗസാധ്യത കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയത്.
ദീര്‍ഘനേരം ഒരേപോലെ ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നവര്‍ ഒരു മണിക്കൂറില്‍ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നില്‍ക്കുകയോ ചെയ്യണം. തുടര്‍ച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവര്‍ത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.
കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങള്‍ ശീലിക്കുകയുമാവാം. കസേരയില്‍ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയില്‍ തൊടാന്‍ ശ്രമിക്കുക.
കുനിയുമ്പോള്‍ ശ്വാസം പുറത്തേക്കും നിവരുമ്പോള്‍ ശ്വാസം അകത്തേക്കും എടുക്കണം. പാദങ്ങള്‍ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളില്‍ തൊടാന്‍ ശ്രമിക്കുന്നതുപോലെ ചരിക്കുക.
കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്പോള്‍ നട്ടെല്ലും തലയും നിവര്‍ത്തി ഇടുപ്പ്, കാല്‍മുട്ടുകള്‍ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയില്‍ അമര്‍ത്തി ഇരിക്കുക. കംപ്യൂട്ടര്‍ സ്ക്രീനിന്റെ മുകള്ഭാഗം കണ്ണിനുനേരെ വരുന്ന രീതിയില്‍ ക്രമീകരിക്കുക, എന്നിവയിലൂടെ രോഗസാധ്യത കുറയ്ക്കാം.
Discussion about this post