ഹൃദയത്തിന്റെ ആരോഗ്യത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുള്‍പ്പെടെ ഹൃദയ സംബന്ധമായ നിരവധി അസുഖങ്ങള്‍ക്ക് ഉറക്കക്കുറവ് കാരണമാണ്.
ഉറക്കമില്ലായ്മ മൂലം സമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തനങ്ങളോടുള്ള താത്പര്യക്കുറവ്, മോശം ഭക്ഷണശീലം എന്നിങ്ങനെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഏഴ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്ക് ഹൃദയാഘാതവും വിഷാദവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
മുതിര്‍ന്നവര്‍ക്ക് രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ലഭിക്കണമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഉറക്കത്തിന്റെ സമയം മാത്രമല്ല ഗുണനിലവാരവും പ്രധാനമാണ്. പകല്‍ സമയത്തെ നിങ്ങളുടെ ഊര്‍ജ്ജത്തില്‍ ഇത് വലിയ പങ്ക് വഹിക്കും. ഉറങ്ങുമ്‌ബോള്‍ ശരീരം സ്വയം റിപ്പെയര്‍ ചെയ്യുകയും രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യും. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ഗുരുതരമായ ഹൃദ്രോഗസാധ്യത ഉണ്ടാക്കും. ശരീരം കൂടുതല്‍ സ്ട്രെസ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും രക്തക്കുഴലുകളെ സങ്കോചിപ്പിച്ച് രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യും.
നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാല്‍ വിട്ടുമാറാത്ത വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കും നയിച്ചേക്കാം, അതായത് നിങ്ങളുടെ കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കാതെയാകും. ഇതുമൂലം ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയില്ല. ഇന്‍സുലിന്‍ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിനും അതുവഴി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കും.