ജനിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങളില്‍ കേള്‍വി പ്രശ്‌നം എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ സംസാരവും വൈകാനും, അവ്യക്തമാവാനും സാധ്യതയേറെയാണ്.
കുഞ്ഞുങ്ങളിലെ കേള്‍വി പ്രശ്‌നങ്ങള്‍..?
National Programme for Prevention and Control of Deafness (NPPCD) നടത്തിയ പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഇന്ന് പിറന്നുവീഴുന്ന ആയിരം കുഞ്ഞുങ്ങളില്‍ 5-6 പേര്‍ക്കെങ്കിലും കേള്‍വിപ്രശ്‌നങ്ങളുണ്ട്. പിറന്നുവീണ് ആദ്യത്തെ ഒരു വര്‍ഷത്തിനകത്ത് കുഞ്ഞിനുണ്ടാവുന്ന കേള്‍വി പ്രശ്‌നങ്ങള്‍ അതിന്റെ സംസാരശേഷിയെ കാര്യമായി ബാധിക്കുമെന്ന കണ്ടെത്തി. പലരും ഇത് തിരിച്ചറിയുന്നത് 2-3 വയസ്സിനു ശേഷമായിരിക്കും. അപ്പോഴേക്കും അവരുടെ സംസാര-ഭാഷാ വികാസത്തിന്റെ നിര്‍ണ്ണായകമായ ഒരു ഘട്ടം കഴിഞ്ഞിട്ടുണ്ടാവും.
കേള്‍വിക്കുറവിന്റെ കാരണങ്ങള്‍…
കാരണങ്ങള്‍ പലതുണ്ട്. പലപ്പോഴും ജന്മനായുള്ള പ്രശ്‌നങ്ങളാവാം. ചില കേസുകളില്‍ ചെറുപ്പത്തിലുണ്ടാവുന്ന ചില അണുബാധകള്‍ ഇതിനു കാരണമാവാം.
കുഞ്ഞുങ്ങളില്‍ കേള്‍വിപ്രശ്‌നങ്ങളുണ്ടാക്കുന്ന ചില കാരണങ്ങള്‍
1. പ്രസവത്തിലുണ്ടാവുന്ന പ്രയാസങ്ങള്‍ : ഹെര്‍പിസ്, റുബെല്ലാ സൈറ്റോ മെഗലോ വൈറസ്, ടോക്‌സോ പ്ലാസ്‌മോസിസ് തുടങ്ങിയ അണുബാധകള്‍, ഓക്‌സിജന്‍ കിട്ടാതെ വരിക തുടങ്ങിയവ.
2. മാസം തികയാതെയുള്ള പ്രസവം : ഒന്നരകിലോയില്‍ താഴെ ഭാരമില്ലാതെ പിറക്കുന്ന, അല്ലെങ്കില്‍ ഇങ്കുബേറ്ററിലോ അല്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താനുള്ള മരുന്നുകളുടെ സപ്പോര്‍ട്ടിലോ ഒക്കെ കഴിയേണ്ടി വന്നിട്ടുള്ള കുഞ്ഞുങ്ങളില്‍ കേള്‍വിക്കുറവുണ്ടാവാന്‍ സാധ്യത കൂടുതലാണ്.
3. ചില ന്യൂറോ ഡിസോര്‍ഡറുകള്‍ അല്ലെങ്കില്‍ തലച്ചോറിനുണ്ടാവുന്ന ചില പ്രശ്‌നങ്ങള്‍
4. ഗര്‍ഭകാലത്ത് അമ്മമാര്‍ കഴിക്കുന്ന ചില ആന്റിബയോട്ടിക് ഓട്ടോടോക്‌സിക് മരുന്നുകള്‍ കാരണവും കുഞ്ഞിന് കേള്‍വിശക്തി നഷ്ടപ്പെടാം.
5. ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാവുന്ന അണുബാധകള്‍ : ടോക്‌സോപ്ലാസ്‌മോസിസ്, ഹെര്‍പിസ് സിമ്പ്‌ലെക്‌സ് , ജര്‍മ്മന്‍ മീസില്‍സ് അങ്ങനെ എന്തെങ്കിലും.
6. മെറ്റേണല്‍ ഡയബറ്റിസ്
7. ഗര്‍ഭകാലയളവില്‍ അമ്മയുടെ ഭാഗത്തുനിന്നുണ്ടാവുന്ന മദ്യപാനം, പുകവലി, മയക്കുമരുന്നുപയോഗം എന്നിവ.
Discussion about this post