ജനീവ : പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കെ ജാഗ്രത കൈവെടിയരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ പടരുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് സംഘടന പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.
ഒമിക്രോണ്‍ എത്രത്തോളം ഗുരുതരമാകാമെന്നതില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന നിലപാട് വ്യക്തമാക്കിയത്. ഒമിക്രോണ്‍ വ്യാപനം അതീവ ഗുരുതരമായേക്കാമെന്നും ഇതുവരെ ഈ വകഭേദം മൂലം ആരും മരിച്ചിട്ടില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ സംബന്ധിച്ച് പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വകഭേദത്തിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ പഠനത്തിലൂടെ മാത്രമേ കൃത്യത ലഭിക്കൂ.
ഒമിക്രോണ്‍ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യൂ.എച്ച്.ഒ നേരത്തേ പ്രതികരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.159 അഥവാ ഒമിക്രോണിനെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Discussion about this post