ജൊഹനാസ്ബര്‍ഗ് : “മുമ്പെങ്ങും അനുഭവപ്പെടാത്തത്ര വിധം നിരാശരാണ് ഞങ്ങള്‍. ദയവ് ചെയ്ത് ഒറ്റപ്പെടുത്തരുത് “- പുതിയ കൊറോണ വൈറസ് വകഭേദം ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പ്രസിഡന്റ് സിറിള്‍ റാമഫോസയുടെ പ്രതികരണമാണിത്. ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്മാറണമെന്ന് അറിയിച്ച സിറിള്‍ യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
“ദക്ഷിണാഫ്രിക്ക കടുത്ത വിവേചനമാണ് നിലവില്‍ നേരിടുന്നത്. പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് വേദനാജനകമാണ്. ഈ വിലക്കുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ല.തന്നെയുമല്ല കോവിഡിനെ തുടര്‍ന്ന് താറുമാറായ സാമ്പത്തികഭദ്രത പല രാജ്യങ്ങളും തിരിച്ചു പിടിക്കുന്നതേ ഉള്ളൂ. ഇനിയും യാത്രാവിലക്കേര്‍പ്പെടുത്തുന്നത് പല രാജ്യങ്ങളുടെയും സാമ്പത്തികസ്ഥിതി പിന്നെയും പരിതാപകരമാക്കും. വാക്സിനേഷന് ആണ് ഏത് വൈറസിനോടും പൊരുതാനുള്ള ഏക പോംവഴി. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു രീതിയിലും വാക്സീന് ക്ഷാമം ഇല്ല. ഞങ്ങള്‍ പുതിയ വകഭേദത്തോട് ജയിക്കുക തന്നെ ചെയ്യും.അതിനാല്‍ ദയവ് ചെയ്ത് യാത്രാവിലക്ക് ഒഴിവാക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.
Also read : നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ചൈനയില്‍ പ്രതിദിനം 6.3 ലക്ഷം കോവിഡ് കേസുകള്‍ വരെ ഉണ്ടായേക്കാമെന്ന് പഠനം
ഒമിക്രോണിനെതിരെ പല രാജ്യങ്ങളിലും ജാഗ്രത ശക്തമാണ്. ജര്‍മനി, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാവേ, നമീബിയ എന്നിവിടങ്ങള്‍ക്ക് പുറമെ ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയും യുഎസും ആദ്യമേ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
യുഎഇ, യൂറോപ്യന്‍ യൂണിയന്, തായ്ലന്ഡ്, ഇസ്രയേല്‍, തുര്‍ക്കി, ഇറാന്, ബ്രസീല്‍ എന്നിവിടങ്ങളിലും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് വിലക്കുണ്ട്. ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയും ഹോളണ്ടും തമ്മില്‍ നടക്കാനിരുന്ന ഏകദിന പരമ്പര മാറ്റി വച്ചിരുന്നു.
Discussion about this post