ജൊഹന്നാസ്‌ബെര്‍ഗ് : ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്‌സീനുകളെ അതിജീവിക്കുന്നതാണെന്നും കണ്ടെത്തല്‍. ചൈന, മംഗോളിയ, മൗറീഷ്യസ്, ഇംഗ്‌ളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
വാക്‌സീന്റെ സംരക്ഷണം പുതിയ വകഭേദത്തില്‍ ലഭിക്കില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് (എന്‍ഐസിഡി) നടത്തിയ പഠനത്തില്‍ പറയുന്നു. ഈ വര്‍ഷം മേയിലാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സി.1.2 വകഭേദം കണ്ടെത്തിയത്.
സി.1.2 വകഭേദത്തിന് പ്രതിവര്‍ഷം 41.8 മ്യൂട്ടേഷനുകളുടെ പരിവര്‍ത്തന നിരക്ക് ഉണ്ട്, ഇത് മറ്റ് വകഭേദങ്ങളുടെ നിലവിലെ ആഗോള മ്യൂട്ടേഷന്‍ നിരക്കിനേക്കാള്‍ ഇരട്ടി വേഗതയുള്ളതാണെന്നും പഠനത്തില്‍ പറയുന്നു. പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ള പരിവര്‍ത്തനങ്ങളാണ് വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ കണ്ടെത്തിയിരിക്കുന്നതെന്നും പഠനത്തിലുണ്ട്.