ഭുവനേശ്വര്‍ : രാജ്യം കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുന്നതിനിടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിനേഷന് നല്കി ഭുവനേശ്വര്‍. നൂറ് ശതമാനം പേര്‍ക്കും വാക്സീന് നല്കിയ ആദ്യത്തെ ഇന്ത്യന്‍ നഗരമാണ് ഭുനേശ്വര്.
ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) തെക്കുകിഴക്കന്‍ മേഖലാ സോണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അന്‍ഷുമാന്‍ രഥാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഒരു നിശ്ചിതസമയത്തിനുള്ളില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നുവെന്നും അതിനായുള്ള പദ്ധതികള്‍ ആസുത്രണം ചെയ്താണ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“പതിനെട്ട് വയസ്സിന് മുകളിലുള്ള ഒമ്പത് ലക്ഷം പേര് ബിഎംസിയില്‍ ഉണ്ട്. അതില്‍ 31000 ആരോഗ്യപ്രവര്‍ത്തകരും 33000 മുന്‍നിര പോരാളികളും ഉള്‍പ്പെടും. പതിനെട്ട് വയസ്സിനും നാല്പ്പത്തിനാല് വയസ്സിനുമിടയില്‍ പ്രായമുള്ള 517000 പേരും 45 വയസ്സിന് മുകളില്‍ പ്രായമുള്ള 325000 പേരും ഇവിടെയുണ്ട്. ജൂലൈ 31നുള്ളില്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്ക്കും വാക്സിനേഷന് പൂര്‍ത്തിയാക്കാനുളള പദ്ധതികളാണ് ആസൂത്രണം ചെയ്തത്.” ദേശീയ വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയ്ക്ക് നല്കിയ അഭിമുഖത്തില്‍ അന്‍ഷുമാന്‍ പറഞ്ഞു.
ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം നഗരത്തിലുള്ള 18,16000 പേര്‍ക്ക് വാക്സീന് നല്കി വിവിധ കാരണങ്ങളാല്‍ വളരെക്കുറച്ചാളുകള്‍ക്ക് ആദ്യ ഡോസ് വാക്സീന് എടുക്കാന്‍ കഴിഞ്ഞില്ല. ഇതു കൂടാതെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഭുവനേശ്വറില്‍ ജോലിക്കായി എത്തിയവര്‍ക്കും കോവാക്സിന്റെ ആദ്യ ഡോസ് നല്കി.
ഗര്‍ഭിണികളും ആദ്യ ഡോസ് വാക്സീന് എടുത്തുകൊണ്ടിരിക്കയാണ്. ആകെ 55 വാക്സിനേഷന് കേന്ദ്രങ്ങളാണ് ബിഎംസിയിലുള്ളത്. ഇതില്‍ 30 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും ഉള്‍പ്പെടും. വാക്സിനേഷന് ലക്ഷ്യം കണ്ടതുപോലെ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാ നഗരവാസികള്‍ക്കും നന്ദി പറയുന്നു. അന്‍ഷുമാന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post