മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം : ജൂലൈ അവസാനത്തോടെ 50കോടി വാക്‌സീനും നല്‍കും

Vaccine | Bignewslive

ന്യൂഡല്‍ഹി : ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് വാക്‌സീന്‍ കൊടുക്കാന്‍ കഴിയില്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം സര്‍ക്കാര്‍. ജനുവരി മുതല്‍ ജൂലൈ 31 വരെ 51.60 കോടി ഡോസ് വാക്‌സീന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.

ഓഗസ്റ്റിന് മുമ്പ് 51.60 കോടി ഡോസ് വാക്‌സീന്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മേയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലയിലാണ് വാക്‌സിനേഷന്‍ എങ്കില്‍ ആ ലക്ഷ്യം നടപ്പാകില്ലെന്നായിരുന്നു വിമര്‍ശനം. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ജൂലൈ 31നുള്ളില്‍ 50 കോടിയിലേറെ ഡോസ് വാക്‌സീന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി അറിയിച്ചാണ് വാക്‌സീന്‍ നല്‍കുന്നത്. 51.60 കോടി ഡോസ് വാക്‌സീന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു എന്നതിന്റെ അര്‍ത്ഥം അത് മുഴുവന്‍ ജനങ്ങള്‍ക്ക് കൊടുത്തു എന്നല്ല എന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

“ഇതുവരെ 45.7 കോടി ഡോസാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.ജൂലൈ 31നുള്ളില്‍ 6.03 കോടി ഡോസ് കൂടി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ജനുവരി മുതല്‍ ജൂലൈ 31വരെ ആകെ വിതരണം ചെയ്തത് 51.73 കോടി ഡോസ് വാക്‌സീന്‍ ആകും. 44.19 കോടി ഡോസ് വാക്‌സീന്‍ നല്‍കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. ഇതില്‍ 9.6 കോടി കേസുകളില്‍ രണ്ട് ഡോസും എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജൂണില്‍ 11.97 കോടി ഡോസ് വാക്‌സീനാണ് എടുത്തത്. ജൂലൈ 26 വരെ 10.62 ഡോസ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്.” ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version