ന്യൂഡല്‍ഹി : ഓക്‌സ്ഫഡ്-ആസ്ട്രസെനക വാക്‌സീന്‍ ജീവിതകാലം മുഴുവന്‍ പ്രതിരോധം നല്‍കിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെ നേരിടാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നത് കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിര്‍ത്താനും ഇവയ്ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.കൊറോണ വൈറസിനെ ഇല്ലാതാക്കുന്ന ആന്റിബോഡികള്‍ സൃഷ്ടിക്കുന്നതിന് പുറമേ പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും ശേഷിയുളള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ പരിശീലന ക്യാമ്പുകള്‍ സൃഷ്ടിക്കാന്‍ ഈ വാക്‌സീന് സാധിക്കും. അഡെനോവൈറസ് അധിഷ്ഠിതമായ ഓക്‌സ്ഫഡ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീനുകള്‍ക്കും ഈ സവിശേഷത ഉണ്ടെന്നാണ് പഠനം പറയുന്നത്.
ഫൈസര്‍, മോഡേണ വാക്‌സീനുകളെ അപേക്ഷിച്ച് ഓക്‌സ്ഫഡ് വാക്‌സീന്‍ ടി-സെല്ലുകളെ സൃഷ്ടിക്കുന്നതിന് കൂടുതല്‍ ശേഷിയുണ്ടെന്ന് നേരത്തേ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ ടി-സെല്ലുകള്‍ക്ക് ശരീരത്തില്‍ ജീവിതകാലം നിലനില്‍ക്കാനും സാധിക്കുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ കാലദൈര്‍ഘ്യം സംബന്ധിച്ച് സ്ഥിരീകരണം സാധിച്ചിട്ടില്ല.
ടിബി, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് സി, കാന്‍സര്‍ തുടങ്ങിയവയ്‌ക്കെതിരായി പുതിയ വാക്‌സീന്‍ രൂപപ്പെടുത്തുന്നതിന് അഡെനോവൈറസ് വാക്‌സീന്റെ ഈ സവിശേഷത ഉപയോഗപ്പെടുത്താനാവുമെന്ന് കരുതുന്നതായി ഗവേഷകരില്‍ ഒരാളായ ബുര്‍ക്ഹാര്‍ഡ് ലുഡ്വിഗ് പറഞ്ഞു.