ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമുള്ളത് കൊണ്ടാണ് കേരളത്തില്‍ കോവിഡ് കുറയാത്തതെന്ന് പരിശോധനാ ലാബോറട്ടറികളുടെ കൂട്ടായ്മയായ ഇന്‍സാകോഗിന്റെ വിലയിരുത്തല്‍.
എല്ലാ ജില്ലകളിലും പത്ത് ശതമാനത്തില്‍ കൂടുതലാണ് രോഗസ്ഥിരീകരണ നിരക്ക്. സംസ്ഥാനത്ത് പ്രബലമായിട്ടുള്ളത് ഡെല്‍റ്റ വകഭേദമാണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തില്‍ കാണുന്നത്. വിവിധ മേഖലകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.ആല്‍ഫ,കപ്പ എന്നിവ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ കൂടുതലാണ് കേരളത്തില്‍. മൂന്നാഴ്ച മുന്‍പ് 2,390 സാംപിളുകള്‍ പരിശോധിച്ചതില്‍ 1,482 എണ്ണം ഡെല്‍റ്റ വകഭേദമായിരുന്നു. 642 ആല്‍ഫ,197 കപ്പ, 65 ബീറ്റ എന്നീ വകഭേദങ്ങളും കണ്ടെത്തി.കേസുകള്‍ ഉയര്‍ന്നു നില്ക്കുന്ന മഹാരാഷ്ട്ര, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ഡെല്‍റ്റ തന്നെയാണ് കൂടുതല്‍.
അതേസമയം കോവിഡ് കേസുകള്‍ കൂടി നില്ക്കുന്ന തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, ഒഡീഷ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തും.ചൊവ്വാഴ്ച വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹില്‍ സ്റ്റേഷനുകളിലും മറ്റുമുള്ള സഞ്ചാരികളുടെ തിരക്കിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ച മോഡി ഇവ കുറയ്ക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി.
Discussion about this post